പുല്‍പള്ളി: ജില്ലയില്‍ പല സ്ഥലങ്ങളിലും വേനല്‍മഴ ലഭിച്ചിട്ടും കബനിതീര പ്രദേശങ്ങളില്‍ മഴ ലഭിച്ചില്ല. ഇതിനാല്‍ പ്രദേശത്താകെ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. രണ്ടാഴ്ചമുമ്പ് കബനി നദിയുടെ മരക്കടവ് ഭാഗത്ത് തടയണ നിര്‍മിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. തടയണയുടെ ഭാഗത്തുമാത്രം അല്‍പം വെള്ളം കെട്ടിക്കിടക്കുന്നേയുള്ളൂ. മറ്റെല്ലാ ഭാഗങ്ങളിലും പുഴ വറ്റി വരണ്ട നിലയിലാണ്. മഴ ലഭിക്കാത്തതിനാല്‍ തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി. കുരുമുളക്, കാപ്പി കൃഷികളാണ് വ്യാപകമായി നശിക്കുന്നത്. പുല്‍പള്ളി പഞ്ചായത്തിന്‍െറ ചില ഭാഗങ്ങളില്‍ കഴിഞ്ഞദിവസം ശക്തമായ മഴ ലഭിച്ചിരുന്നു. എന്നാല്‍, കബനി തീരത്തോട് ചേര്‍ന്ന പെരിക്കല്ലൂര്‍ മുതല്‍ കൊളവള്ളി വരെയുള്ള ഭാഗത്ത് മഴ ലഭിച്ചിട്ടില്ല. കബനി തീരത്തെ കര്‍ണാടക വനത്തിലുണ്ടായ തീപിടിത്തവും ചൂടിന് ആക്കംകൂട്ടുന്നു. ഈ ഭാഗത്ത് ഉഷ്ണക്കാറ്റാണ് വീശുന്നത്. ഇത് കൃഷിക്ക് ദോഷകരമായി മാറിയിരിക്കുകയാണ്. 2004-05 കാലയളവിലുണ്ടായ വരള്‍ച്ചക്ക് സമാനമായ രീതിയിലാണ് ഇപ്പോള്‍ കാലാവസ്ഥ. ഇതിനകം ലക്ഷങ്ങളുടെ കൃഷി നശിച്ചു. കൃഷിനാശത്തിന് നഷ്ടപരിഹാരവും ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍. ഇലക്ഷന്‍ പ്രഖ്യാപിച്ചതിനാല്‍ കര്‍ഷകര്‍ക്കായി സഹായ പദ്ധതികളൊന്നും നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.