മന്ത്രി ജയലക്ഷ്മിക്കെതിരായ പോസ്റ്റര്‍ യൂത്ത് കോണ്‍. കമ്മിറ്റി പിരിച്ചുവിട്ടേക്കും

മാനന്തവാടി: മന്ത്രി പി.കെ. ജയലക്ഷ്മിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് തെളിഞ്ഞ സാഹചര്യത്തില്‍ മാനന്തവാടി നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടേക്കും. ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതിന്‍െറ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനുള്‍പ്പെടെയുള്ള നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കുമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. അതിനിടെ കെ.പി.സി.സി പ്രസിഡന്‍റിന്‍െറ നിര്‍ദേശപ്രകാരം ജില്ലയുടെ ചാര്‍ജുള്ള കെ.പി.സി.സി ജന. സെക്രട്ടറി വി.എ. നാരായണന്‍ റിപ്പോര്‍ട്ട് നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിനിര്‍ണയവുമായി സംസ്ഥാനത്തുണ്ടാകാവുന്ന പ്രതിഷേധങ്ങള്‍ക്ക് തടയിടുകയാണ് നടപടികൊണ്ട് നേതൃത്വം ലക്ഷ്യമിടുന്നത്. ഈ മാസം 22നാണ് മന്ത്രി ജയലക്ഷ്മിയെ ആര്‍.എസ്.എസുകാരിയായി ചിത്രീകരിച്ച് മാനന്തവാടി മണ്ഡലത്തിലാകെ പോസ്റ്റര്‍ പതിച്ചത്. സംഭവം വിവാദമായതോടെ പൊലീസ് ഐ.പി.സി 153 വകുപ്പ് പ്രകാരം സ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പോസ്റ്റര്‍ പതിച്ചതിന് സ്വമേധയാ കേസെടുത്തിരുന്നു. ഇതിനിടയിലാണ് പോസ്റ്റര്‍ പതിക്കുന്നത് സി.സി ടി.വിദൃശ്യങ്ങളിലൂടെ പുറത്തായത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ എടവക മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി എറമ്പയില്‍ മുസ്തഫ, യൂത്ത് കോണ്‍. മാനന്തവാടി മണ്ഡലം പ്രസിഡന്‍റ് സി.എച്ച്. സുഹൈര്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞത്. ഇവര്‍ ഒളിവിലാണ്. പോസ്റ്റര്‍ പതിക്കാന്‍ ഇവര്‍ ഉപയോഗിച്ച സുഹൈറിന്‍െറ സഹോദരന്‍െറ കെ.എല്‍. 11 ആര്‍. 6336 സാന്‍ട്രോ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.