വള്ളിയൂര്‍ക്കാവ് മഹോത്സവം കച്ചവടവത്കരിക്കുന്നു

കല്‍പറ്റ: വള്ളിയൂര്‍ക്കാവ് മഹോത്സവത്തിന്‍െറ തനതുപാരമ്പര്യം തകര്‍ത്ത് ഉത്സവത്തെ കച്ചവടവത്കരിക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തനായ അഡ്വ. ശ്രീജിത്ത് പെരുമന വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജില്ലയിലെ ഏറ്റവും പ്രധാന ഉത്സവമായ വള്ളിയൂര്‍ക്കാവ് ഏറെ ഐതിഹ്യങ്ങളും ആചാരങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്നതാണ്. ചരിത്രമുറങ്ങുന്ന ഈ ഉത്സവത്തെ വ്യാപാരമേളയുടെ നിലവാരത്തിലേക്ക് മാറ്റാനാണ് അമ്പലക്കമ്മിറ്റിയും ചില കച്ചവടപ്രമാണിമാരും ചേര്‍ന്ന് ശ്രമിക്കുന്നത്. ആദിവാസിസമൂഹം ഏറെ പാവനമായി കരുതുന്ന വള്ളിയൂര്‍ക്കാവിന്‍െറ മണ്ണില്‍ ഉത്സവത്തില്‍ പരമ്പരാഗതമായി അവര്‍ക്ക് ഏറെ ഇടമുണ്ടായിരുന്നു. സമത്വം ഉദ്ഘോഷിച്ച മണ്ണില്‍ ഇന്ന് ട്രേഡ് ഫെയറുകളും എക്സിബിഷനും നടത്താനുള്ള വ്യഗ്രതക്കിടയില്‍ അമ്പലക്കമ്മിറ്റി ഇവരെ മാറ്റിനിര്‍ത്തുകയാണ്. പണിയവിഭാഗക്കാര്‍ വിശ്വാസത്തിന്‍െറ ഭാഗമായി രാപ്പാര്‍ത്തിരുന്ന ഇടങ്ങളിലൊക്കെ ഇന്ന് കച്ചവടശാലകളാണ്. അമ്പലത്തിന്‍െറയും വിശ്വാസത്തിന്‍െറയും ഉടമകളെ ആട്ടിപ്പുറത്താക്കി കച്ചവടതാല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയാണ്. ക്ഷേത്രങ്ങളില്‍നിന്ന് ദലിതനെ മാറ്റിനിര്‍ത്തുന്ന സവര്‍ണമേല്‍ക്കോയ്മയാണ് വള്ളിയൂര്‍ക്കാവിലും അവര്‍ക്കെതിരായ തീരുമാനങ്ങളെടുക്കുന്നതെന്ന് ശ്രീജിത്ത് ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് ഭക്തരത്തെുന്ന ക്ഷേത്രപരിസരത്ത് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും മതിയായ സൗകര്യമില്ല. ട്രൈബല്‍ ഫെസ്റ്റ് എന്നപേരില്‍ വള്ളിയൂര്‍ക്കാവിലെ ട്രേഡ് ഫെയറിന് അധികൃതര്‍ നികുതി ഈടാക്കുന്നില്ല. അമ്യൂസ്മെന്‍റ് പാര്‍ക്കിനടക്കം ഒരു നികുതിയും മുനിസിപ്പാലിറ്റിയില്‍ അടക്കുന്നില്ല. പട്ടികവര്‍ഗക്കാര്‍ക്ക് ഇടംനല്‍കാത്ത ക്ഷേത്രപരിസരത്തെ വ്യാപാരമേളക്ക് മുഴുവന്‍ നികുതിയും സര്‍ക്കാര്‍ ഈടാക്കണമെന്നും ശ്രീജിത്ത് ആവശ്യപ്പെട്ടു. ഉത്സവസമയത്ത് റവന്യൂഭൂമിയടക്കം ലേലത്തിന് വില്‍ക്കുന്ന ദേവസ്വം ബോര്‍ഡും അമ്പലക്കമ്മിറ്റിയും ലേലത്തില്‍ വാങ്ങുന്ന കച്ചവടക്കാരും തമ്മിലെ കൂട്ടുകൃഷിയാണ് ഈ വ്യാപാരമേള. പണ്ട് ആദിവാസികള്‍ പായ വിരിച്ച് കിടന്നിരുന്നയിടം ഇന്ന് പണംകൊടുത്ത് വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലമാണ്. രസീത് നല്‍കാതെ വന്‍ തുകയാണ് സ്റ്റാളുകളിലെ സാധാരണക്കാരായ കച്ചവടക്കാരോട് കൈപ്പറ്റുന്നതെന്നും ശ്രീജിത്ത് ആരോപിച്ചു. ക്ഷേത്രപരിസരത്തെ ഈ വ്യാപാര മഹാമഹത്തിന് ഫയര്‍ ആന്‍ഡ് സേഫ്റ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ സേവനം, വേസ്റ്റ് മാനേജ്മെന്‍റ്, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനം തുടങ്ങിയവയൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞദിവസം മരണക്കിണര്‍ പ്രദര്‍ശനം പൊലീസ് ഇന്‍സ്പെക്ടര്‍ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ നടന്ന പ്രദര്‍ശനത്തില്‍ കാര്‍ അപകടത്തില്‍പെട്ടിട്ടും അതു മൂടിവെച്ചു. നടപ്പാതയുണ്ടാക്കാന്‍ ഉള്‍പ്പെടെ മന്ത്രി ജയലക്ഷ്മി ഒന്നരക്കോടി അനുവദിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ഒരു സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ല. ഉത്സവത്തിന്‍െറ മറവില്‍ നടക്കുന്ന അഴിമതിക്കും ക്രമക്കേടുകള്‍ക്കുമെതിരെ ദേവസ്വം ബോര്‍ഡിനും വിജിലന്‍സിനും എസ്.സി-എസ്.ടി കമീഷനും പരാതി നല്‍കുമെന്നും ശ്രീജിത്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.