മന്ത്രി ജയലക്ഷ്മിക്ക് ആര്‍.എസ്.എസ് ബന്ധമാരോപിച്ച് പോസ്റ്ററുകള്‍

മാനന്തവാടി: മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരെ ആര്‍.എസ്.എസ് ബന്ധമാരോപിച്ച് മാനന്തവാടി നിയോജകമണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോണ്‍ഗ്രസിന്‍െറ പേരിലാണ് പോസ്റ്ററുകള്‍. ‘ഏറ്റുപാടുക കൂട്ടരെ, ചേര്‍ന്നു നില്‍ക്കുക സഹജരെ, ഫാഷിസത്തിന്‍െറ വേരറുക്കാന്‍ സമയമായീ വോട്ടരെ’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍. ‘സീറ്റിനും വോട്ടിനും കോണ്‍ഗ്രസ്, ജയിച്ചുവന്നാല്‍ ആര്‍.എസ്.എസ്’, ‘ഇനിയും ഊഴം വേണമെങ്കില്‍ ബി.ജെ.പിയില്‍ നോക്കിക്കോ, ആര്‍.എസ്.എസിന് തണലേകാന്‍ ബി.ജെ.പിക്ക് തുണയേകാന്‍ കോണ്‍ഗ്രസിന്‍െറ കൈപ്പത്തി ഇനിയും നിങ്ങള്‍ക്കേകില്ല’ എന്നവസാനിക്കുന്ന കവിത രൂപത്തിലുള്ള വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. മാനന്തവാടി, വാളാട്, കോറോം, തേറ്റമല, പീച്ചങ്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. അതേസമയം, പോസ്റ്ററിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പടയന്‍ മുഹമ്മദ് മാനന്തവാടി ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. പോസ്റ്ററിനെക്കുറിച്ച് സമഗ്രാന്വേഷണമാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി ബ്ളോക് പ്രസിഡന്‍റ് എ.എം. നിഷാന്തും ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. മന്ത്രി ജയലക്ഷ്മിക്കെതിരെ വര്‍ഗീയ സ്പര്‍ധ ഉണ്ടാക്കുന്നതരത്തില്‍ പോസ്റ്ററുകള്‍ പതിച്ച സാമൂഹികദ്രോഹികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി, പയ്യമ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ വികസനപ്രവര്‍ത്തനത്തിന്‍െറ ഫലമായി യു.ഡി.എഫ് വീണ്ടും ജയിക്കുമെന്ന് കണ്ട സാഹചര്യത്തിലാണ് പോസ്റ്റര്‍ വിവാദമെന്ന് അവര്‍ ആരോപിച്ചു. ഡെന്നിസ് കണിയാരം, സണ്ണി ചാലില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.