കുടുംബശ്രീ ‘സജലം’ ജലസാക്ഷരത കാമ്പയിന്‍

കല്‍പറ്റ: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഘട്ടത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍െറ നേതൃത്വത്തില്‍ ജലസംരക്ഷണത്തിന്‍െറ പ്രാധാന്യം ഓര്‍മിപ്പിച്ച് സജലം കാമ്പയിന്‍ തുടങ്ങി. ഇതിന്‍െറ ഭാഗമായി 26 സി.ഡി.എസുകളിലും വിവിധ എ.ഡി.എസുകളിലും പ്രതിജ്ഞ എടുത്തു. പൊതുകിണര്‍, കുളം, ജലസ്രോതസ്സുകള്‍, തോടുകള്‍, ടാപ്പുകള്‍ സംരക്ഷിക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. സജലം കാമ്പയിന്‍െറ ഭാഗമായി ബോധവത്കരണം, ജലസംരക്ഷണ സന്ദേശ പ്രചാരണം, അയല്‍ക്കൂട്ട യോഗത്തില്‍ പ്രത്യേക ചര്‍ച്ചകള്‍, സംവാദങ്ങള്‍, പ്രതിജ്ഞ, ലഘുലേഖ വിതരണം തുടങ്ങിയ വിവിധ പരിപാടികളാണ് എ.ഡി.എസ്, സി.ഡി.എസ്, അയല്‍ക്കൂട്ട തലങ്ങളില്‍ നടപ്പാക്കുന്നത്. അതോടൊപ്പം പക്ഷിമൃഗാദികള്‍ക്കും വൃക്ഷലതാദികള്‍ക്കും വെള്ളം ഉറപ്പാക്കാനാവശ്യമായ നടപടികളും കാമ്പയിനിന്‍െറ ഭാഗമായി സംഘടിപ്പിക്കും. സി.ഡി.എസ് (പഞ്ചായത്ത്, മുനിസിപ്പല്‍ തലം), എ.ഡി.എസ് (വാര്‍ഡ് തലം), എന്‍.എച്ച്.ജി (അയല്‍ക്കൂട്ട തലം) പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. ബാലസഭ കുട്ടികളുടെ കൂട്ടായ്മ രൂപവത്കരിച്ച് സന്ദേശ പ്രചാരണം നടത്തും. പരിപാടിയുടെ ഭാഗമായി ഓരോ സി.ഡി.എസില്‍ നിന്നും അഞ്ചു കുടുംബശ്രീ അംഗങ്ങളെയും അഞ്ചു ബാലസഭ അംഗങ്ങളെയും തെരഞ്ഞെടുത്ത് പ്രത്യേക ഗ്രൂപ് രൂപവത്കരിക്കുകയും പരിശീലനം നല്‍കുകയും ചെയ്യും. ഇവര്‍ സി.ഡി.എസ്, എ.ഡി.എസ് അയല്‍ക്കൂട്ടതലത്തില്‍ തുടര്‍പരിശീലനത്തിനും പരിപാടികള്‍ക്കും നേതൃത്വം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.