നഞ്ചന്‍കോട്–വയനാട്–നിലമ്പൂര്‍ റെയില്‍വേ:മുന്നോട്ടുതന്നെയെന്ന് ആക്ഷന്‍ കമ്മിറ്റി

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍വേ പാത നിര്‍മാണവുമായി ബന്ധപ്പെട്ട ഫൈനല്‍ സര്‍വേ നടപടികള്‍ ഡി.എം.ആര്‍.സിയെ തന്നെ ഏല്‍പിക്കാനുള്ള ശ്രമങ്ങളുമായി തങ്ങള്‍ മുന്നോട്ടുതന്നെ പോകുകയാണെന്ന് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ചനടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ഭാരവാഹികള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പു നടന്ന കാബിനറ്റ് യോഗത്തില്‍ പദ്ധതിയുടെ ഫയല്‍ പരിഗണിക്കാന്‍ കഴിയാതിരുന്ന പശ്ചാത്തലത്തിലാണ് ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്. പദ്ധതി ഡോ. ഇ. ശ്രീധരനെ ഏല്‍പിക്കുന്നതില്‍ വകുപ്പുമന്ത്രി ആര്യാടനുള്ള താല്‍പര്യക്കുറവാണ് ഫയല്‍ എത്താതിരുന്നതിന് പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു. നിലമ്പൂരിലെ റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ ഭാരവാഹിയായ ആര്യാടന്‍ ഷൗക്കത്തിനെതിരെയും ആരോപണമുയര്‍ന്നിരുന്നു. മാര്‍ച്ച് അഞ്ചിന് ഡോ. ഇ. ശ്രീധരന്‍ നിലമ്പൂരിലത്തൊന്‍ തീരുമാനിച്ചിരുന്നതാണെന്നും എന്നാല്‍, നാലിന് അപ്രതീക്ഷിതമായുണ്ടായ തെരഞ്ഞെടുപ്പ് പ്രഖ്യാപനംമൂലമാണ് ചര്‍ച്ച നടക്കാതെ പോയതെന്നും ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. നഞ്ചന്‍കോട്-നിലമ്പൂര്‍ പാതക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതിനല്‍കിയെങ്കിലും ഫണ്ട് വകയിരുത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലുള്‍പ്പെടുത്തിയ അഞ്ചുകോടി ചെലവഴിച്ച് സര്‍വേ നടപടികള്‍ ആരംഭിക്കാനാവുമെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ തടസ്സമാകും. കാബിനറ്റ് തീരുമാനമുണ്ടാവാതിരുന്നത് നിയമപരമായ സാങ്കേതിക തടസ്സംമൂലം മാത്രമാണെന്നും മറിച്ചുള്ള ആരോപണങ്ങളില്‍ കഴമ്പില്ളെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഡോ. ഇ. ശ്രീധരനിലൂടെ ഡി.എം.ആര്‍.സി മുഖേന തന്നെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കും. കമ്പനി (എസ്.പി.വി) രൂപവത്കരണത്തില്‍ തടസ്സമാവില്ളെന്നും ഷൗക്കത്ത് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.