കല്‍പറ്റ: മധ്യവേനലവധിക്കാലം ചെലവഴിക്കാന്‍ സുരക്ഷിത ഭവനങ്ങളോ സംരക്ഷിക്കാന്‍ സ്വന്തക്കാരോ ഇല്ലാത്ത കുട്ടികള്‍ക്കായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രൂപംനല്‍കിയ ‘സ്നേഹതീരം: അനാഥബാല്യങ്ങള്‍ക്ക് ഒരവധിവീട്’ എന്ന പദ്ധതിക്ക് മികച്ച പ്രതികരണം. അനാഥക്കുഞ്ഞുങ്ങളെ അവധിക്കാലത്ത് സ്വന്തം വീടുകളില്‍ സംരക്ഷിക്കാന്‍ തയാറായി 20ഓളം കുടുംബങ്ങളാണ് മീനങ്ങാടിയിലെ ശിശുസംരക്ഷണ ഓഫിസ്, കല്‍പറ്റയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫിസ് എന്നിവിടങ്ങളിലത്തെിയത്. കുടുംബത്തില്‍ തങ്ങളുടെ മക്കളോടൊപ്പം, മധ്യവേനലവധിക്കാലമായ ഏപ്രില്‍-മേയ് മാസങ്ങളില്‍ ഒരു കുട്ടിയെക്കൂടി സംരക്ഷിക്കാന്‍ താല്‍പര്യമുള്ള കുടുംബങ്ങള്‍ക്കാണ് വയനാട് സി.ഡബ്ള്യു.സി കുട്ടികളെ നല്‍കുക. അവധിക്കാലം കഴിയുമ്പോള്‍ കുട്ടിയെ സി.ഡബ്ള്യു.സിയില്‍ തിരികെ ഏല്‍പിക്കണം. ജില്ലയില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത അമ്പതോളം സ്ഥാപനങ്ങളില്‍നിന്നാണ് ആറു മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളെ അവധിക്കാലത്ത് വിട്ടുനല്‍കുക. ഒരുപാട് ആളുകള്‍ സ്നേഹതീരം പദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങളറിയാന്‍ ഓഫിസുമായി ബന്ധപ്പെടുന്നുണ്ടെന്ന് ശിശുസംരക്ഷണ സമിതി അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി. ഏപ്രില്‍ ഒന്നുമുതല്‍ കുട്ടികളെ വിട്ടുനല്‍കുന്ന തരത്തിലായിരിക്കും പദ്ധതി. അപേക്ഷകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ തെരഞ്ഞെടുക്കപ്പെടുന്ന രക്ഷിതാക്കള്‍ക്ക് പ്രത്യേക ക്ളാസുകളും നല്‍കും. ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു പരിപാടിക്ക് തുടക്കമാകുന്നത്. അവധിക്കാലം ആസ്വദിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അവസരം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. താല്‍പര്യമുള്ളവര്‍ തിങ്കളാഴ്ചക്കകം നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9495101008, 04936 207150, 04936 246098.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.