വയനാടന്‍ കാടുകളില്‍ തീപിടിത്തം വ്യാപകം

കല്‍പറ്റ: കത്തുന്ന വേനലില്‍ വയനാടന്‍ കാടുകളും കത്തിയമരുന്നു. ചൂട് കൂടിയതിനൊപ്പം വേനല്‍മഴയുടെ അഭാവവും കനത്ത കാറ്റും ഉണങ്ങിയ മരങ്ങള്‍ ഏറെയുള്ളതും തീപിടിത്തത്തിന് ആക്കംകൂട്ടുകയാണ്. തീയണക്കാന്‍ വനംവകുപ്പില്‍ മതിയായ ജീവനക്കാരില്ലാത്തതും കാട് കത്തിയമരുന്നതിന് കാരണമാകുന്നു. വയനാട് വന്യജീവിസങ്കേതത്തില്‍ 40ഉം സൗത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ 15ഉം നോര്‍ത് വയനാട് ഡിവിഷനില്‍ 13ഉം ഹെക്ടര്‍ വനമാണ് വേനല്‍ ശക്തമായശേഷം കത്തിനശിച്ചത്. ജില്ലയില്‍ 240 ഫോറസ്റ്റ് ഗാര്‍ഡുമാര്‍ വേണ്ടിടത്ത് ഇപ്പോഴുള്ളത് 86 പേര്‍ മാത്രമാണ്. 344 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വയനാട് വന്യജീവിസങ്കേതം കര്‍ണാടകയിലെ ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്ക്, നാഗര്‍ഹോള നാഷനല്‍ പാര്‍ക്ക് എന്നിവയോട് ചേര്‍ന്നാണുള്ളത്. തമിഴ്നാട്ടിലെ മുതുമല വന്യജീവിസങ്കേതവുമായും അതിര്‍ത്തി പങ്കിടുന്നുണ്ട്. പശ്ചിമഘട്ടത്തിലെ ഈ വനമേഖല ജൈവവൈവിധ്യത്തിന് പേരുകേട്ടതാണ്. അതിര്‍ത്തിക്കപ്പുറത്ത് വരള്‍ച്ചയും ചൂടും താരതമ്യേന ശക്തമാകുമ്പോള്‍ വയനാടന്‍ കാടുകളിലേക്ക് വന്യമൃഗങ്ങള്‍ കൂട്ടത്തോടെയത്തെുന്ന സമയത്താണ് ഇവിടെ കാട്ടുതീ അപായഭീഷണി ഉയര്‍ത്തുന്നത്. കനത്ത ചൂടില്‍ കാട്ടില്‍മാത്രമല്ല നാട്ടിലും തീ പടരുകയാണ്. ബത്തേരിയിലെ നഗരപ്രദേശത്ത് ഗെസ്റ്റ് ഹൗസിനടുത്തും മേപ്പാടിക്കടുത്ത നെടുമ്പാലയിലെ റബര്‍തോട്ടത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ തീപിടിച്ചിരുന്നു. പൂത്തതിനു പിന്നാലെ മുളങ്കൂട്ടങ്ങള്‍ ഉണങ്ങിനില്‍ക്കുന്നത് വയനാട് വന്യജീവിസങ്കേതത്തില്‍ കാട്ടുതീ പടരാന്‍ ഇടയാക്കുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പ് 450ഓളം ഹെക്ടറിലെ മുളയാണ് പൂത്തത്. പൂത്തുകഴിഞ്ഞാല്‍ മുളങ്കൂട്ടങ്ങള്‍ ഉണങ്ങിനശിക്കുകയാണ് പതിവ്. വേനല്‍മഴയൊന്നും ലഭിക്കാത്തതിനാല്‍ ഉണങ്ങിക്കരിഞ്ഞുനില്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍ തീപിടിക്കുന്ന മാത്രയില്‍ അഗ്നിഗോളങ്ങളായി മാറുകയാണ്. രാവിലെ പലയിടങ്ങളിലും ഇപ്പോഴും മഞ്ഞുവീഴ്ച ശക്തമാണെങ്കിലും ഉച്ചയാകുമ്പോഴേക്ക് വനമേഖല കനത്ത ചൂടിലമരുന്നു. പുല്‍പള്ളിയോടു ചേര്‍ന്ന കര്‍ണാടക വനങ്ങളില്‍ കാട്ടുതീ ഇക്കുറി കനത്ത നാശമാണ് സൃഷ്ടിച്ചത്. ഹെക്ടര്‍ കണക്കിന് വനം കത്തിനശിച്ചതിനൊപ്പം മേഖലയുടെ കാലാവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതവും ഇതു സൃഷ്ടിച്ചിട്ടുണ്ട്. വയനാട്ടിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ചൂടും വരള്‍ച്ചയും പുല്‍പള്ളി മേഖലയില്‍ ശക്തമാണ്. രണ്ടുവര്‍ഷം മുമ്പ് ജില്ലയിലെ വനമേഖലയില്‍ ദുരൂഹസാഹചര്യത്തില്‍ പടര്‍ന്നുപിടിച്ച തീ ഹെക്ടര്‍കണക്കിന് വനം കത്തിയമരാന്‍ കാരണമായിരുന്നു. തോല്‍പെട്ടി വന്യജീവിസങ്കേതത്തിനരികെ ബേഗൂര്‍ റെയ്ഞ്ചില്‍ കഴിഞ്ഞ വര്‍ഷം 450ഓളം ഹെക്ടര്‍ വനം കത്തിനശിച്ചിരുന്നു. റോഡരികില്‍നിന്ന് തീപിടിക്കുന്നത് തടയുന്നതിനടക്കം ‘ഫയര്‍ലൈന്‍‘ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വനംവകുപ്പ് ജാഗ്രത പാലിക്കുമ്പോഴും ഉള്‍ക്കാടുകളില്‍ മുളങ്കൂട്ടങ്ങള്‍ക്ക് തീപിടിച്ചാല്‍ തീയണക്കുകയെന്നത് ശ്രമകരമാണ്. തീയണക്കുന്നതിനുള്ള ആധുനിക സജ്ജീകരണങ്ങളുടെ അഭാവവും കാട്ടുതീ പ്രതിരോധിക്കാനുള്ള മതിയായ ഫണ്ടുകളുടെ അഭാവവും ജില്ലയിലെ വനം ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.