പലവേഷങ്ങളില്‍ തട്ടിപ്പു നടത്തുന്ന യുവാവ് അറസ്റ്റില്‍

അടിമാലി: സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പല വേഷങ്ങളില്‍ തട്ടിപ്പും മോഷണവും നടത്തിവന്ന യുവാവ് പൊലീസ് പിടിയില്‍. വയനാട് പനമരം കാരിക്കകുന്നേല്‍ ഷൈലജന്‍ ചാക്കോയെയാണ് (42) അടിമാലി സി.ഐ ജെ. കുര്യാക്കോസും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 29ന് പുലര്‍ച്ചെ അടിമാലിയിലെ എസ്റ്റേറ്റ് മാനേജറുടെ കാര്‍ മോഷ്ടിച്ച കേസിലാണ് ഇയാളെ കോട്ടക്കലില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തത്. വിവിധ സ്ഥലങ്ങളില്‍ പൊലീസ്, സെക്യൂരിറ്റി, ഡ്രൈവര്‍ തുടങ്ങിയ വേഷങ്ങളിലത്തെിയാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം അടിമാലി കല്ലാറിലെ എസ്റ്റേറ്റില്‍ സെക്യൂരിറ്റിയായി ജോലിക്ക് കയറിയ ശേഷമാണ് കാര്‍ മോഷണം. എസ്റ്റേറ്റ് മാനേജര്‍ ജോണ്‍ ബാപ്റ്റിസിന്‍െറ ഉടമസ്ഥതയിലെ സ്വിഫ്റ്റ് കാര്‍ അടിമാലിയിലെ ലോഡ്ജില്‍നിന്ന് തന്ത്രപൂര്‍വം മോഷ്ടിക്കുകയായിരുന്നു. 28ന് വൈകീട്ട് എറണാകുളത്തേക്ക് പോകുന്നതിന് ജോണും സുഹൃത്തുക്കളും ചേര്‍ന്ന് കല്ലാറില്‍നിന്ന് കാറില്‍ പുറപ്പെട്ടപ്പോള്‍ ഡ്രൈവറായി ഷൈലജനെയാണ് കൂട്ടിയത്. രാത്രി അടിമാലി അമ്പലപ്പടിയില്‍ എത്തിയതോടെ കാറിന്‍െറ ലൈറ്റ് തെളിയുന്നില്ളെന്ന കാരണം പറഞ്ഞ് ഇവിടുത്തെ ലോഡ്ജില്‍ സംഘം മുറിയെടുത്തു. തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസ് ഓഫിസറാണെന്ന് പരിചയപ്പെടുത്തി ലോഡ്ജിലത്തെിയ ഷൈലജന്‍ 3200 രൂപയുടെ മുറി 700 രൂപക്ക് തരപ്പെടുത്തി. രാത്രി 12ഓടെ രഹസ്യമായി മുറിക്ക് പുറത്തിറങ്ങിയ ഇയാള്‍ കാറുമായി ടൗണില്‍ മറ്റൊരു ലോഡ്ജില്‍ താമസിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ കാറെടുത്ത് കടന്നു കളഞ്ഞു. കുറുപ്പംപടി പാണിയേലിപ്പോര് എന്ന സ്ഥലത്തത്തെി സുഹൃത്തിനോട് തന്‍െറ കാറാണിതെന്നും ഗോവയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് കാര്‍ കൈമാറിയശേഷം ബംഗളൂരുവിലേക്ക് പോയി. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഇയാളുടെ മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ പിന്തുടര്‍ന്ന് എത്തിയ അടിമാലി പൊലീസ് കാര്‍ കണ്ടെടുത്തിരുന്നു. സംഭവത്തിനു ശേഷം ഗോവ, ബംഗളൂരു, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഗോവയിലത്തെിച്ച് വാഹനം പൊളിച്ച് വില്‍ക്കാനായിരുന്നു പദ്ധതി. വന്‍തോതില്‍ മാലിന്യം ലോറിയില്‍ കൊണ്ടുപോയി പൊതുസ്ഥലങ്ങളില്‍ തള്ളിയതടക്കം വിവിധ കേസുകളില്‍ കോഴിക്കോട്, വൈത്തിരി, ആലുവ തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അവിവാഹിതനായ ഷൈലജന്‍ മിക്കവാറും സമയങ്ങളില്‍ കാക്കി പാന്‍റ്സ് ധരിച്ച് പൊലീസാണെന്ന വ്യാജേനയാണ് നടന്നിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.