വരള്‍ച്ച: കൃഷി കരിഞ്ഞുണങ്ങുന്നു

പുല്‍പള്ളി: വേനല്‍ കനത്തതോടെ വയനാടന്‍ അതിര്‍ത്തിഗ്രാമങ്ങളിലെ കൃഷി കരിഞ്ഞുണങ്ങുന്നു. വേനല്‍ച്ചൂടില്‍ കാര്‍ഷികവിളകള്‍ വാടിക്കരിയുന്ന കാഴ്ചകളാണ് കര്‍ണാടകയോട് ചേര്‍ന്ന തീരപ്രദേശങ്ങളിലെ തോട്ടങ്ങളിലെല്ലാം. ശക്തമായ മഴ ലഭിച്ചില്ളെങ്കില്‍ വരാനിരിക്കുന്ന ദിനങ്ങള്‍ കാര്‍ഷിക മേഖലക്ക് വന്‍ നാശമുണ്ടാക്കും. കുരുമുളകും കാപ്പിയുമടക്കമുള്ള വിളകള്‍ പലയിടത്തും കരിഞ്ഞുതുടങ്ങി. കബനി നദിയിലടക്കം നീരൊഴുക്ക് നിലച്ചു. മറ്റു ജലസ്രോതസ്സുകളും വറ്റിത്തുടങ്ങി. മഴ ലഭിക്കാതായതോടെ പൂത്ത കാപ്പികള്‍ കരിഞ്ഞുണങ്ങുന്നു. ഇനി മഴ ലഭിച്ചാലും ഇവ രക്ഷപ്പെടാന്‍ സാധ്യതയില്ല. മഴയില്ലാത്തതിനാല്‍ പുഞ്ചകൃഷി ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. നെല്‍വയലുകള്‍ തരിശായ നിലയിലാണ്. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലാണ് വരള്‍ച്ച ശക്തം. ഉയര്‍ന്നപ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളം വറ്റിയതോടെ കുടിവെള്ളം പല കുടുംബങ്ങള്‍ക്കും കിട്ടാക്കനിയായി മാറിയിരിക്കുന്നു. മഴ മാറിനിന്നാല്‍ 2003-04 കാലയളവില്‍ പുല്‍പള്ളി മേഖലയിലുണ്ടായ വരള്‍ച്ചയെക്കാള്‍ രൂക്ഷമായിരിക്കും ഈവര്‍ഷത്തെ അവസ്ഥയെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കബനി നദിയുടെ കൈവഴികളും പോഷക നദികളായ ചെറുതോടുകളും വരണ്ടുകിടക്കുന്നു. കന്നാരംപുഴയും കടമാന്‍തോടും വെള്ളമില്ലാത്ത നിലയിലാണ്. താല്‍ക്കാലിക തടയണകള്‍ കെട്ടിയാണ് ചിലയിടത്തെങ്കിലും വെള്ളം നിര്‍ത്തുന്നത്. ചൂടിന്‍െറ അളവ് കൂടുകയാണ്. കര്‍ണാടക വനത്തിലുണ്ടായ തീപിടിത്തവും ചൂടിന്‍െറ അളവ് കൂട്ടുന്നു. നിലവില്‍ 31 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് ജില്ലയിലെ ചൂട്. അമിത ബാഷ്പീകരണം സൂര്യാതപത്തിനും ഇടയാക്കുമെന്ന് ആശങ്കയുയര്‍ത്തുന്നു. വയനാടിനെ ഹരിതാഭമാക്കിയിരുന്ന വനപ്രദേശങ്ങളും ഉണങ്ങിയ നിലയിലാണ്. വനത്തിലെയടക്കം ജലസ്രോതസ്സുകള്‍ വറ്റിവരണ്ടത് വന്യജീവികളുടെ ജീവനും ഭീഷണി ഉയര്‍ത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.