എച്ച്.എം.എല്‍ ബോണസ് പ്രശ്നം: സി.ഐ.ടി.യു സമരം 16 ദിവസം പിന്നിട്ടു

മേപ്പാടി: 20 ശതമാനം ബോണസ് ആവശ്യപ്പെട്ട് സി.ഐ.ടി.യു നേതൃത്വത്തില്‍ സെന്‍റിനല്‍ റേക്ക്, അരപ്പറ്റ, ചുണ്ടേല്‍, അച്ചൂര്‍ എസ്റ്റേറ്റ് ഓഫിസുകള്‍ ഉപരോധിച്ചുകൊണ്ടുള്ള സമരം 16 ദിവസം പിന്നിട്ടെങ്കിലും ഒത്തുതീര്‍പ്പിനെ കുറിച്ചുള്ള അവ്യക്തത തുടരുന്നു. സമരംചെയ്യുന്ന തൊഴിലാളികള്‍ പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും സമരരംഗത്തുള്ളവരും സമരത്തിലില്ലാത്തവരുമായ തൊഴിലാളി കുടുംബങ്ങളിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായിട്ടുണ്ട്. ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, എ.ഐ.ടി.യു.സി, പി.എല്‍.സി തുടങ്ങിയ യൂനിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ അവിടവിടെയായി ജോലിചെയ്യാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. തേയിലച്ചെടികള്‍ക്കിടയിലെ കാടുകള്‍ വെട്ടിനീക്കുന്ന ജോലിയാണവര്‍ ചെയ്യുന്നത്. എന്നാല്‍, അവരുടെ വേതനം സംബന്ധിച്ചും ചെലവുകാശ് സംബന്ധിച്ചും ഒരുറപ്പും മാനേജ്മെന്‍റ് നല്‍കിയിട്ടില്ളെന്നതാണ് സ്ഥിതി. ഫാക്ടറി പ്രവര്‍ത്തിക്കാത്തതു മൂലം തേയിലച്ചെടി ഉല്‍പാദനം നടക്കുന്നില്ല. കണക്കുകളും മറ്റും എഴുതിസൂക്ഷിക്കുന്നതിനോ ഒന്നും കഴിയാത്ത അവസ്ഥയില്‍ തൊഴിലാളികളുടെ വരുമാനകാര്യത്തില്‍ അനിശ്ചിതത്വമുള്ളതായി തൊഴിലാളികള്‍ തന്നെ പറയുന്നു. സമരം തീരണമെന്ന ആഗ്രഹം മാനേജ്മെന്‍റിനുമില്ളെന്ന സ്ഥിതിയുണ്ട്. പച്ചത്തേയില ഉല്‍പാദനം വളരെ കുറവായ ഈ മാസങ്ങളില്‍ പൊതുവെ കമ്പനിക്ക് നഷ്ടമുണ്ടാകാറുണ്ട്. വരവിനേക്കാള്‍ കൂടുതല്‍ ചെലവ് രേഖപ്പെടുത്തുന്ന മാസങ്ങളാണിത്. എന്നാല്‍, സമരം കാരണം ആര്‍ക്കും കൂലി കൊടുക്കേണ്ടതില്ല എന്നതാണ് കമ്പനിക്കുണ്ടാവുന്ന ലാഭം. ചുരുങ്ങിയത് ഏപ്രില്‍ പകുതി വരെയെങ്കിലും ഈ സ്ഥിതി തുടരണമെന്ന് കമ്പനി അധികൃതര്‍ ആഗ്രഹിക്കുന്നുണ്ടാവുമെന്നാണ് സ്വതന്ത്രമായൊരു വിലയിരുത്തല്‍. അതിനാല്‍ സമരം ഒത്തുതീര്‍പ്പിലത്തെിക്കുന്നതിനുള്ള ഒരു ശ്രമവും എച്ച്.എം.എല്‍ അധികൃതര്‍ നടത്തുന്നില്ല. ബോണസ് വിഷയത്തില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാതെ സമരം പിന്‍വലിക്കേണ്ടി വന്നാല്‍ അത് സി.ഐ.ടി.യുവിനെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കും. അത്രയധികം സമരവുമായി അവര്‍ മുന്നോട്ടുപോയിക്കഴിഞ്ഞു. ഇതിനകം തന്നെ സി.ഐ.ടി.യു നേട്ടമുണ്ടാക്കിയാല്‍ അത് മറ്റു സംഘടനകള്‍ക്ക് ക്ഷീണമുണ്ടാക്കും. എന്തായാലും തോട്ടവും അതിനെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളെയും മേഖലയിലെ സാമ്പത്തിക സാഹചര്യങ്ങളെയും പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണുള്ളത്. തൊഴിലാളി കുടുംബങ്ങളില്‍ ദുരിതം വര്‍ധിക്കുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.