ഒരുക്കം പൂര്‍ത്തിയായി; വള്ളിയൂര്‍ക്കാവ് ഉത്സവം 14ന് തുടങ്ങും

മാനന്തവാടി: ഈ വര്‍ഷത്തെ വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവം മാര്‍ച്ച് 14 മുതല്‍ 27വരെ നടക്കും. ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 13ന് വൈകുന്നേരം എടവക പള്ളിയറ പോര്‍ക്കലി ഭഗവതി ക്ഷേത്രത്തില്‍നിന്ന് വാള്‍ എഴുന്നള്ളിപ്പ് നടക്കും. 14ന് രാവിലെ ഒമ്പതിന് താഴെകാവില്‍ ഉത്സവാഘോഷ കമ്മിറ്റി ഓഫിസ് സബ് കലക്ടര്‍ ശീറാം സാംബശിവറാവു ഉദ്ഘാടനം ചെയ്യും. 15ന് വിവിധ പൂജകള്‍. വൈകുന്നേരം താഴെകാവില്‍ കലാപരിപാടികള്‍ അരങ്ങേറും. ആധ്യാത്മിക പ്രഭാഷണം, തിരുവാതിര, അരങ്ങേറ്റം, മെഡിക്കല്‍ ക്യാമ്പ്, കൂടിയാട്ടം, കഥകളി, നാടന്‍പാട്ട്, ഓട്ടന്‍തുള്ളല്‍ എന്നിവ നടക്കും. മാര്‍ച്ച് 22ന് ബിജു നാരായണവും സംഘവും ഗാനമേള അവതരിപ്പിക്കും. 24ന് ചേരാങ്കോട്ട് ഇല്ലത്തുനിന്ന് ഒപ്പനവരവ് നടക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സജീവ് മാറോളി അധ്യക്ഷത വഹിക്കും. 27ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ഇളനീര്‍ കാവ് വഹിച്ചുകൊണ്ടുള്ള അടിയറ എഴുന്നള്ളത്തുകള്‍, ആറാട്ട് എഴുന്നള്ളത്ത്, ഒപ്പന ദര്‍ശനം, സോപാനനൃത്തം, കോലംകൊറ എന്നിവയുണ്ടാകും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ട്രസ്റ്റിമാരായ ഏച്ചോം ഗോപി, സി.എ. കുഞ്ഞിരാമന്‍ നായര്‍, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ എന്‍.കെ. മന്മഥന്‍, പി.എന്‍. ജ്യോതിപ്രസാദ്, സന്തോഷ് ജി. നായര്‍, കെ.ടി. പ്രഭാകരന്‍, കെ.കെ. ബാബു എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.