ജില്ലയില്‍ കളനാശിനി പ്രയോഗം കൂടുന്നു

കല്‍പറ്റ: ജില്ലയിലെ പരിസ്ഥിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന രീതിയില്‍ കളനാശിനി പ്രയോഗം വന്‍തോതില്‍ വര്‍ധിക്കുന്നു. കളനാശിനികള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതിനാല്‍ ഇവയുടെ ഉപയോഗം വ്യാപകമാവുകയാണ്. വന്‍കിട എസ്റ്റേറ്റുകാര്‍ മുതല്‍ വീട്ടുമുറ്റം ചത്തെിമിനുക്കാന്‍ മടിക്കുന്ന സാധാരണക്കാര്‍വരെ പുല്ല് കരിച്ചുകളയാന്‍ കളനാശിനികളെ ആശ്രയിക്കുകയാണ്. ജൈവസന്തുലനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടും അധികൃതര്‍ ഈ വിഷയം വേണ്ടരീതിയില്‍ ഗൗനിക്കുന്നില്ല.കളകള്‍ വെട്ടിമാറ്റാന്‍ മടിക്കുന്നതിനാല്‍ മാരകശേഷിയുള്ള കളനാശിനികള്‍ സ്പ്രേ ചെയ്ത് പുല്ല് കരിച്ചുകളയുന്നതാണ് മിക്ക തോട്ടങ്ങളിലെയും രീതി. ഒരേക്കര്‍ തോട്ടത്തിലെ പുല്ല് ചത്തൊന്‍ എടുക്കുന്ന സമയത്തിന്‍െറ ചുരുങ്ങിയ അംശംകൊണ്ട് മരുന്നടിച്ച് കരിച്ചുകളയാം എന്ന സൗകര്യമാണ് അപകടരമായ ഈ രീതി തെരഞ്ഞെടുക്കാന്‍ കാരണം. തൊഴിലാളിയുടെ കൂലി ലാഭിക്കാനാണ് തോട്ടമുടമകള്‍ പ്രധാനമായും ഈ കുറുക്കുവഴി തേടുന്നത്. എന്നാല്‍, പുല്ലിനൊപ്പം മണ്ണിലെ മാത്രമല്ല, പ്രദേശത്തെ വിവിധങ്ങളായ ജൈവസമ്പത്തും ഇതോടെ നശിക്കുകയാണ്. കളനാശിനി സ്പ്രേ ചെയ്യുന്ന പ്രദേശത്തെ കുഞ്ഞുങ്ങളടക്കമുള്ളവര്‍ക്ക് ചൊറിച്ചിലും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായി പരാതിയുണ്ട്. ഇവ ഉപയോഗിക്കാന്‍ ബന്ധപ്പെട്ട കൃഷിവകുപ്പിന്‍െറ മുന്‍കൂര്‍ അനുമതി വേണമെന്നാണ് നിബന്ധനയെങ്കിലും ആരും അനുമതി വാങ്ങാന്‍ മെനക്കെടാറില്ല. അനുമതി വാങ്ങാതെ ഇവ ഉപയോഗിക്കുന്നതിനെതിരെ കൃഷിവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാറുമില്ല. വന്‍കിട തോട്ടമുടമകള്‍ മാരകമായ ഈ രീതി പരീക്ഷിക്കുന്നതിനെതിരെ ചിലയിടങ്ങളില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നുവെങ്കിലും ആരും ഗൗനിക്കാറില്ല. കുന്നിന്‍ മുകളിലെ തോട്ടങ്ങളില്‍ കളനാശിനികള്‍ സ്പ്രേ ചെയ്യുമ്പോള്‍ കുന്നിന്‍ചരിവില്‍ താമസിക്കുന്ന ആളുകളെ ദോഷകരമായി ബാധിക്കാന്‍ സാധ്യത ഏറെയാണെങ്കിലും ആരോഗ്യവകുപ്പ് അധികൃതരും മലിനീകരണ നിയന്ത്രണ ബോര്‍ഡുമൊന്നും ഇക്കാര്യം ശ്രദ്ധിക്കാറില്ല. തേയില, ഏലം, കാപ്പി എസ്റ്റേറ്റുകളില്‍ വ്യാപകമായാണ് കളനാശിനി പ്രയോഗം. റെഡ് ലേബല്‍ കാറ്റഗറിയിലുള്ള കീടനാശിനികള്‍ സര്‍ക്കാര്‍ 2011ല്‍ നിരോധിച്ചിരുന്നു. ഇക്കൂട്ടത്തില്‍ കളനാശിനികളായ പാരക്വറ്റ്, അനിലോഫോസ്, അട്രാസിന്‍, തിയോബെന്‍കാര്‍ബ് എന്നിവയും നിരോധിച്ചിരുന്നു. വയനാട്ടില്‍ വ്യാപകമായ ഗ്രാമോക്സോണ്‍ കളനാശിനി അന്ന് നിരോധിച്ചവയില്‍പെട്ടിരുന്നു. എന്നാല്‍, അതിനു പകരം ഇപ്പോള്‍ റൗണ്ടപ് അടക്കമുള്ള കളനാശിനികള്‍ വ്യാപകമായി മാര്‍ക്കറ്റിലുണ്ട്. കീടനാശിനിയേക്കാള്‍ മാരകമാണ് കളനാശിനികളെന്നും അവ നിരോധിക്കേണ്ട കാലം അതിക്രമിച്ചുവെന്നും വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്‍റ് എന്‍. ബാദുഷ ‘മാധ്യമ’ത്തോടു പറഞ്ഞു. ജീവജാലങ്ങള്‍ക്ക് അങ്ങേയറ്റം അപകടകരമാണിത്. കളനാശിനികള്‍ ഒരേസമയം പ്രകൃതിക്കും മനുഷ്യനും ജന്തുജാലങ്ങള്‍ക്കുമെല്ലാം ദോഷകരമാണ്. മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന ഇവ ജൈവഘടനയെ നശിപ്പിക്കും. പച്ചപ്പിന് കാരണമായ രാസഘടനയെ പൂര്‍ണമായും ഇല്ലാതാക്കുന്ന കളനാശിനികള്‍ ഭൂഗര്‍ഭ ജലംവരെ മാലിനമാക്കുന്നു. തോടുകളിലും മറ്റും ചേര്‍ന്ന് മനുഷ്യനും ജന്തുജാലങ്ങള്‍ക്കും വരുത്തുന്ന നാശം ചില്ലറയല്ല. പലസ്ഥലങ്ങളിലും ഇവ നിരോധിച്ചിട്ടുണ്ട്. കേരളവും ആ രീതിയില്‍ ചിന്തിക്കണമെന്നും ബാദുഷ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.