ഫണ്ടില്ല: ആദിവാസികളുടെ ഭവനനിര്‍മാണം പ്രതിസന്ധിയില്‍

മാനന്തവാടി: വകുപ്പുകള്‍ യഥാസമയം ഫണ്ട് നല്‍കാത്തതിനാല്‍ ആദിവാസികളുടെ ഭവനനിര്‍മാണം പ്രതിസന്ധിയില്‍. ബ്ളോക് പഞ്ചായത്ത് വഴി നടപ്പാക്കുന്ന ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരമുള്ള ഭവനനിര്‍മാണമാണ് പ്രതിസന്ധി നേരിടുന്നത്. മാനന്തവാടി ബ്ളോക് പഞ്ചായത്തില്‍മാത്രം ഈ സാമ്പത്തികവര്‍ഷം 590 വീടുകളാണ് എഗ്രിമെന്‍റ്വെച്ച് ഒന്നും രണ്ടും ഗഡു തുക കൈപ്പറ്റിയിരിക്കുന്നത്. രണ്ടരലക്ഷം രൂപയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനുവദിച്ചത്. എന്നാല്‍, പട്ടികജാതി, വര്‍ഗ വകുപ്പുകള്‍ ഒരുലക്ഷം രൂപകൂടി വര്‍ധിപ്പിച്ച് മൂന്നര ലക്ഷമാക്കി അധികരിച്ച തുകയാണ് ഇപ്പോള്‍ ലഭിക്കാതിരിക്കുന്നത്. കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ വിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ ബാങ്കില്‍ നിക്ഷേപിക്കുന്ന മുറക്കാണ് കേന്ദ്ര വിഹിതം ലഭിക്കുക. കേന്ദ്ര വിഹിതം വൈകുന്നതുമൂലം വീടുനിര്‍മാണം പൂര്‍ത്തിയാക്കിയവര്‍ ബ്ളോക് പഞ്ചായത്ത് ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. 650 ചതുരശ്ര അടിയില്‍ കുറയാത്ത വീടുകള്‍ നിര്‍മിക്കണമെന്നാണ് മുമ്പുനല്‍കിയ മാനദണ്ഡം. എന്നാല്‍, 710 ചതുരശ്ര അടിയായി മാസങ്ങള്‍ക്കുമുമ്പ് ഉയര്‍ത്തി. ജനറല്‍ വിഭാഗത്തിന് രണ്ടുലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര വിഹിതം വൈകുന്നതിനാല്‍ ഇവരും പ്രതിസന്ധി നേരിടുകയാണ്. അടിയന്തരമായി പട്ടികജാതി-വര്‍ഗ വകുപ്പുകള്‍ ഫണ്ടനുവദിക്കാന്‍ തയാറായില്ളെങ്കില്‍ ഈ മഴക്കാലത്ത് ആദിവാസികള്‍ കൂരക്കുള്ളില്‍തന്നെ കഴിയേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.