സര്‍ക്കാര്‍ അവഗണന: റേഷന്‍ വ്യാപാരികള്‍ നിസ്സഹകരണ സമരത്തിന്

കല്‍പറ്റ: സര്‍ക്കാറിന്‍െറ അവഗണനയിലും കുടിശ്ശിക തുക നല്‍കാത്ത സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ നിസ്സഹകരണസമരത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു പരിഷ്കരണ പ്രവര്‍ത്തനങ്ങളിലും ഇനിമുതല്‍ സഹകരിക്കില്ളെന്ന് പനമരത്ത് ചേര്‍ന്ന ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ (എ.കെ.ആര്‍.ആര്‍.ഡി.എ) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ആദിവാസികളും പിന്നാക്ക വിഭാഗത്തിലുംപെട്ട ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായി അരി വിതരണംചെയ്യുമ്പോള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. റേഷന്‍ വ്യാപാരിക്ക് വാഹനവാടക കയറ്റിറക്ക് കൂലി സ്റ്റേഷനറി ഇനത്തില്‍ വന്‍ ബാധ്യതയാണ് വരുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഭരണം അവസാനിക്കുമ്പോള്‍ സര്‍ക്കാറുകള്‍ കമീഷന്‍ കുടശ്ശിക പൂര്‍ണമായും തീര്‍ത്തിരുന്നു. എന്നാല്‍, കഴിഞ്ഞ എട്ടു മാസമായി കോടിക്കണക്കിന് രൂപയാണ് ജില്ലയില്‍ കമീഷന്‍ ഇനത്തില്‍ റേഷന്‍ കടക്കാര്‍ക്ക് കിട്ടാനുള്ളത്. ഇത് നല്‍കുന്നില്ല. നിലവില്‍ സര്‍ക്കാറില്‍ പണമടച്ച് രണ്ടും മൂന്നൂം മാസത്തെ റേഷന്‍ സാധനങ്ങള്‍ സ്റ്റോക് എടുത്ത വകയിലും വന്‍ തുക സര്‍ക്കാര്‍ നല്‍കാനുണ്ട്. ഇന്നത്തെ രീതിയില്‍ പണം എന്ന് ലഭിക്കുമെന്നുപോലും അറിയാത്ത സ്ഥിതിയാണ്. ഈ അരിയാണ് ഏപ്രില്‍ ഒന്ന് മുതല്‍ സൗജന്യമായി നല്‍കേണ്ടിവരുന്നത്. ഇതിനാല്‍ നിലവില്‍ കടയില്‍ സ്റ്റോക്കുള്ള അരിയുടെ മുഴുവന്‍ തുകയും സര്‍ക്കാര്‍ മുന്‍കൂറായി നല്‍കണം. 2016 മാര്‍ച്ച് 31വരെ ലഭിക്കാനുള്ള കമീഷന്‍ തുക പൂര്‍ണമായും അനുവദിക്കണം. ഇല്ളെങ്കില്‍ ജില്ലയിലെ റേഷന്‍ വിതരണം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല. റേഷന്‍ സാധനങ്ങള്‍ ഇലക്ട്രോണിക് ത്രാസില്‍ മാത്രമേ തൂക്കിനല്‍കാവൂ എന്ന് നിയമമുണ്ടെങ്കിലും മൊത്ത വ്യാപാരികള്‍ ഇപ്പോഴും മാനുവല്‍ ത്രാസില്‍ മാത്രമേ തൂക്കിനല്‍കൂ എന്ന നിലപാടിലാണ്. വന്‍ തൂക്കക്കുറവാണ് ഇതുമൂലം ചില്ലറ വ്യാപാരികള്‍ക്ക് സഹിക്കേണ്ടിവരുന്നത്. എട്ടു വര്‍ഷത്തോളമായി നിലവില്‍വന്ന നിയമം കാറ്റില്‍പറത്തി മൊത്ത വ്യാപാരികള്‍ തീവെട്ടിക്കൊള്ള നടത്തുകയാണ്. എത്രയും പെട്ടെന്ന് റേഷന്‍കടകളില്‍ കമ്പ്യൂട്ടര്‍വത്കരണവും ഭക്ഷ്യസുരക്ഷ പദ്ധതിയും നടപ്പാക്കണം. റേഷന്‍ വ്യാപാരിക്ക് ചെയ്യുന്ന ജോലിക്ക് മാന്യമായ വേതനം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ പഞ്ചസാരയുടെ മൊത്തവിതരണം സിവില്‍ സപൈ്ളസ് കോര്‍പറേഷനാണ്. കയറ്റിറക്ക് കൂലിപോലും കമീഷന്‍ നല്‍കാതെയാണ് സര്‍ക്കാര്‍ പഞ്ചസാര വിതരണം നടത്തുന്നതിന് റേഷന്‍ വ്യാപാരികളെ ഏല്‍പിക്കുന്നത്. ധിക്കാരപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ നേരിടാനും യോഗം തീരുമാനിച്ചു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ കടകള്‍ അടച്ചിട്ട് റേഷന്‍ വിതരണം നിര്‍ത്തിവെച്ച് പ്രതിഷേധിക്കും. ജില്ലാ പ്രസിഡന്‍റ് പി. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡാനിയല്‍ ജോര്‍ജ്ജ്, ജില്ല ജനറല്‍ സെക്രട്ടറി എം.പി. അനിരുദ്ധന്‍, ബി. ദിനേശ് കുമാര്‍, പി. ഭാസ്കരന്‍, ഷാജി യവനാര്‍കുളം, അബൂബക്കര്‍ പനമരം എന്നിവര്‍ സംസാരിച്ചു. ബേബി വാളാട് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.