സഹകരണസംഘം പ്രസിഡന്‍റുമാരുടെ നിലപാടിനെതിരെ ക്ഷീരസംഘം ജീവനക്കാര്‍

കല്‍പറ്റ: പ്രാഥമിക സഹകരണസംഘം (ക്ഷീരമേഖല) പ്രസിഡന്‍റുമാരുടെ അസോസിയേഷന്‍ ഭാരവാഹികള്‍ ക്ഷീരസംഘം ജീവനക്കാരുടെ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനക്കെതിരെ പ്രതിഷേധം. ശമ്പളപരിഷ്കരണം വയനാട്ടില്‍ നടപ്പാക്കാന്‍ കഴിയില്ളെന്ന പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് കേരള കോഓപറേറ്റിവ് എംപ്ളോയീസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘത്തിന്‍െറ മൊത്തം വ്യാപാര ലാഭത്തിന്‍െറ 70 ശതമാനത്തില്‍ അധികമാകാത്ത തുക മാത്രമേ ശമ്പള ചെലവുകള്‍ക്കായി നീക്കിവെക്കാവൂ എന്നതിനാല്‍ ഈ ശമ്പള പരിഷ്കരണം സഹകരണമേഖലക്ക് ബാധ്യത വരുത്തില്ല. ശമ്പളപരിഷ്കരണം വന്നാല്‍ ഓരോ ജീവനക്കാരനും സര്‍വിസ് കാലാവധിക്കനുസരിച്ച് 500 രൂപ മുതല്‍ 5000 രൂപവരെയാണ് വര്‍ധന ലഭിക്കുന്നത്. ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന പാല്‍വിലയും ജീവനക്കാരുടെ ശമ്പളപരിഷ്കരണവും തമ്മില്‍ കൂട്ടിക്കുഴക്കുന്നത് സംഘങ്ങളിലെ നിലവിലുള്ള സൗഹാര്‍ദപരമായ അന്തരീക്ഷം തകര്‍ക്കും. ഇത് ക്ഷീരകര്‍ഷകരെ ജീവനക്കാര്‍ക്ക് എതിരാക്കും. നിലവില്‍ ക്ഷീരസംഘങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാരില്‍ 75 ശതമാനം ആളുകളും ക്ഷീരകര്‍ഷക കുടുംബങ്ങളില്‍നിന്നുള്ളവരാണ്. ഇതിനാല്‍ ഇത്തരം പ്രസ്താവനകള്‍ കര്‍ഷകര്‍ മുഖവിലക്കെടുക്കില്ല. ശമ്പളപരിഷ്കരണം നടപ്പാക്കുമ്പോള്‍ സംഘങ്ങള്‍ക്കുണ്ടാവുന്ന അധിക ബാധ്യതകള്‍ക്ക് മില്‍മ 10 ശതമാനം സംഭരണ ചെലവ് നല്‍കണമെന്ന ഉത്തരവ് മില്‍മയെക്കൊണ്ട് നടപ്പാക്കുവാന്‍ സംഘം പ്രസിഡന്‍റുമാര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. നിലവില്‍ പാല്‍ സംഭരണം, കൂളറിലെ ജോലികള്‍ എന്നിവപോലുള്ള ഭാരിച്ച ജോലികള്‍ തുച്ഛമായ ശമ്പളത്തിനാണ് ജീവനക്കാര്‍ ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാന മനുഷ്യാവകാശ കമീഷനും സംസ്ഥാന ഗവണ്‍മെന്‍റും ഇടപെട്ട് ശമ്പള പരിഷ്കരണം നടപ്പാക്കിയത്. ഇതിനാല്‍ ചില സംഘം പ്രസിഡന്‍റുമാരുടെ പ്രസ്താവനക്കെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ കമ്മിറ്റി ഭാരവാഹികളായ മോഹന്‍ദാസ്, സുധാകരന്‍, സാബു, എന്‍.ഡി. ഷിജു, സംസ്ഥാന സെക്രട്ടറി ലൂക്കോസ്, സംസ്ഥാന കമ്മിറ്റിയംഗം ആര്‍. രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.