ബത്തേരിയില്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞ് സി.പി.എം

സുല്‍ത്താന്‍ ബത്തേരി: നിയമസഭ തെരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗ സംവരണ മണ്ഡലമായ സുല്‍ത്താന്‍ ബത്തേരിയില്‍ ഇടതുസ്ഥാനാര്‍ഥിയെപ്പറ്റി വ്യക്തമായ ധാരണ ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല. യു.ഡി.എഫ് നിരയില്‍ സിറ്റിങ് എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍തന്നെ മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പായിരിക്കെ, സ്ഥാനാര്‍ഥിയെ തിരഞ്ഞ് സി.പി.എം നെട്ടോട്ടത്തിലാണ്. യു.ഡി.എഫിന്‍െറ ഉറച്ച കോട്ടയായിരുന്ന സുല്‍ത്താന്‍ ബത്തേരിയില്‍ കഴിഞ്ഞ പാര്‍ലമെന്‍റ്-ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മുന്നിലത്തൊന്‍ കഴിഞ്ഞ ഇടതുമുന്നണി ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാല്‍ അട്ടിമറി സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐ.സി. ബാലകൃഷ്ണനോട് ഏറ്റുമുട്ടി 7583 വോട്ടുകള്‍ക്ക് പരാജയപ്പെട്ട ഇ.എ. ശങ്കരന്‍, എ.കെ.എസ് ജില്ലാ സെക്രട്ടറി പി. വാസുദേവന്‍, മുന്‍ പൂതാടി പഞ്ചായത്ത് പ്രസിഡന്‍റ് രുഗ്മിണി സുബ്രഹ്മണ്യന്‍, സീതാ ബാലന്‍ എന്നിവരുടെ പേരുകളാണ് സി.പി.എമ്മിന്‍െറ പരിഗണനയിലുള്ളത്. സി.പി.എമ്മിനു പോലും ഭരണപ്രതീക്ഷ ഇല്ലാതിരുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ പ്രഥമ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ തമ്മില്‍ത്തല്ലാണ് ഇടതിന് തുണയായത്. നഗരസഭാ ഭരണത്തില്‍ മറുകണ്ടം ചാടിയ കേരള കോണ്‍ഗ്രസ് പ്രതിനിധിയും സി.പി.എമ്മിനൊപ്പമാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ മണ്ഡലങ്ങളുടെ പിന്‍ബലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസ് കഷ്ടിച്ചു രക്ഷപ്പെട്ടുവെങ്കിലും ബത്തേരി മണ്ഡലത്തില്‍ 8983 വോട്ടുകള്‍ക്ക് പിന്നിലായി. ബത്തേരി നഗരസഭയും മണ്ഡല പരിധിയില്‍ വരുന്ന മീനങ്ങാടി, നൂല്‍പ്പുഴ, നെന്മേനി, പുല്‍പള്ളി, പൂതാടി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളും ഇപ്പോള്‍ ഇടതുമുന്നണിയാണ് ഭരിക്കുന്നത്. ഇടതിന്‍െറ വിജയപ്രതീക്ഷയുടെ അടിസ്ഥാനവും ഇതുതന്നെയാണ്. 1996ല്‍ പി.വി. വര്‍ഗീസ് വൈദ്യരും 2006ല്‍ പി. കൃഷ്ണപ്രസാദും വിജയിച്ചതൊഴിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി എന്നും യു.ഡി.എഫിനൊപ്പമായിരുന്നു. കോണ്‍ഗ്രസുകാരനായ സിറ്റിങ് എം.എല്‍.എമാരെയാണ് വര്‍ഗീസ് വൈദ്യരും കൃഷ്ണപ്രസാദും പരാജയപ്പെടുത്തിയതെങ്കിലും വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഇക്കുറി കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകളും ഘടകകക്ഷികളും ഐ.സി. ബാലകൃഷ്ണനെ പിന്തുണക്കുന്നുണ്ട്. അതേസമയം, വയനാട്ടിലെ രണ്ട് പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളിലും യു.ഡി.എഫ് കുറിച്യ സമുദായക്കാരെ അണിനിരത്തുന്നതില്‍ പ്രതിഷേധിച്ച കുറുമ, പണിയ വിഭാഗങ്ങള്‍ രംഗത്തത്തെിയിട്ടുണ്ട്. കുറുമ വിഭാഗത്തില്‍നിന്നുള്ള ചിലര്‍ സ്ഥാനാര്‍ഥിത്വത്തിനായി ശ്രമം തുടരുന്നുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ പള്ളിയറ രാമന്‍ 8829 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ ബി.ജെ.പി വോട്ടുനില മെച്ചപ്പെടുത്തിയേക്കുമെങ്കിലും വലിയ പ്രതീക്ഷ ആര്‍ക്കുമില്ല. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ത്രീ വോട്ടര്‍മാരാണ് ഇത്തവണ കൂടുതല്‍. 1,09,993. പുരുഷ വോട്ടര്‍മാര്‍ 1,05,911. ആകെ 2,15,904.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.