ഡയറക്ടറെ പുറത്താക്കിയ നടപടി റദ്ദാക്കി

സുല്‍ത്താന്‍ ബത്തേരി: ബത്തേരി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് ഷാജി ചുള്ളിയോടിനെ പുറത്താക്കിയ ഭരണസമിതി നടപടി സഹകരണസംഘം ജോ. രജിസ്ട്രാര്‍ റദ്ദാക്കി ഉത്തരവിട്ടു. ചട്ടം 47 (3)ല്‍ പറയുന്ന നിബന്ധനകള്‍ പാലിക്കാതെ ഭരണ സമിതി കൈക്കൊണ്ട തീരുമാനം സഹകരണ ചട്ടങ്ങള്‍ക്ക് വിരുദ്ധവും നിയമാനുസൃതവുമല്ളെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. മുന്‍ ഡി.സി.സി ട്രഷറര്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് കെ.കെ. ഗോപിനാഥന്‍ മാസ്റ്റര്‍ പ്രസിഡന്‍റായ ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതിയില്‍നിന്ന് കോണ്‍ഗ്രസ് നേതാവായ ഷാജി ചുള്ളിയോടിനെ പുറത്താക്കിയ നടപടി പാര്‍ട്ടിക്കകത്തും പുറത്തും വന്‍ വിവാദമായിരുന്നു. ജീവനക്കാരുടെ നിയമനത്തിലും ബാങ്ക് നടത്തിപ്പിലും അഴിമതിയും ക്രമക്കേടും ആരോപിച്ചതിനെ തുടര്‍ന്നാണ് ഭരണസമിതിയില്‍ ഷാജി അനഭിമതനായത്. തുടര്‍ച്ചയായി നാലു ഭരണസമിതി യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നതിനാല്‍ ഷാജി ചുള്ളിയോടിനെ ഭരണസമിതി അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി 2015 ആഗസ്റ്റ് 25നാണ് ഭരണസമിതി നേതൃത്വം അധികൃതരെ അറിയിച്ചത്. എന്നാല്‍, ഭരണസമിതി യോഗങ്ങള്‍ അറിയിക്കാറില്ളെന്നും തന്നെ മനപ്പൂര്‍വം ഒഴിവാക്കി യോഗം ചേരുന്നതില്‍ ദുരൂഹതയുണ്ടെന്നും ഷാജിയും അധികൃതര്‍ക്ക് പരാതിനല്‍കിയിരുന്നു. ജോ. രജിസ്ട്രാര്‍ വി.കെ. അഷ്റഫ് നേരിട്ടുനടത്തിയ അന്വേഷണത്തില്‍ സംഭവങ്ങള്‍ ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് സഹകരണചട്ടം 176 പ്രകാരം ഷാജിയെ പുറത്താക്കിയ നടപടി റദ്ദ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.