ആദിവാസി വീടുകളുടെ ചോര്‍ച്ച തടയാന്‍ നടപടി വേണം

ബത്തേരി: ആദിവാസി വീടുകളുടെ ചോര്‍ച്ച തടയുന്നതിനും പാതിവഴിയില്‍ നിലച്ച വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാഴക്കണ്ടി ഊരുകൂട്ടം യോഗം ആവശ്യപ്പെട്ടു. മഴക്കാലം എത്തിയതോടെ ചോര്‍ന്നൊലിക്കുന്ന വീടുകളിലെ ജീവിതം ദുരിതമയമാണ്. പാതിയില്‍ നിലച്ച വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നിലവിലുള്ള തുക അപര്യാപ്തമായതിനാല്‍ പുതിയ പദ്ധതി അനുവദിക്കണം. വാഴക്കണ്ടി, താന്നിപ്പുര, പുലച്ചിമൂല, മണ്ടോക്കര കോളനികളില്‍ ദൈവപ്പുര നിര്‍മിക്കണം. കോളനികളിലേക്കുള്ള റോഡുകളുടെ ടാറിങ്, കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം. വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കുനിപ്പുര കോളനിക്കാര്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നെന്മേനി ഗ്രാമപഞ്ചായത്ത് അംഗം പി.കെ. സത്താര്‍ ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പന്‍ വാഴക്കണ്ടി അച്യുതന്‍ അധ്യക്ഷനായിരുന്നു. ട്രൈബല്‍ പ്രമോട്ടര്‍ എം.പി. ദിനേശ് പദ്ധതി അവതരണം നടത്തി. വി.സി. കരുണന്‍, സുരേന്ദ്രന്‍ വാഴക്കണ്ടി, അപ്പു താന്നിപ്പുര, രതീഷ് മണ്ടോക്കര, സ്വാമിയാനന്ദന്‍ നീലമാങ്ങ, രാജു മണ്ടോക്കര, സുനിത ദാമോദരന്‍, ചന്ദ്രന്‍ മലങ്കരവയല്‍, ലക്ഷ്മി ശേഖരന്‍ എന്നിവര്‍ സംസാരിച്ചു. ട്രൈബല്‍ പ്രമോട്ടര്‍മാരായ വിജിത സ്വാഗതവും അംബിക നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.