ബത്തേരിയില്‍ കഞ്ചാവ് വ്യാപാരം തകൃതി

സുല്‍ത്താന്‍ ബത്തേരി: മൂന്നു സംസ്ഥാനങ്ങളുടെ അതിര്‍ത്തിയായ ബത്തേരിയില്‍ കഞ്ചാവ് വില്‍പന തകൃതിയായിത്തുടരുന്നു. ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തുന്ന പ്രധാന കേന്ദ്രമായി ബത്തേരി മാറി. എക്സൈസ് ഉദ്യോഗസ്ഥര്‍ നിരവധി തവണ വന്‍ കഞ്ചാവ് വേട്ടകള്‍ നടത്തിയെങ്കിലും വില്‍പന നിര്‍ബാധം തുടരുകയാണ്. ബത്തേരിയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍തന്നെ വ്യാപാരം പ്രധാനമായും വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. മതിയായ നിയമമില്ലാത്തതിനാല്‍ പിടിക്കപ്പടുന്നവര്‍ നിസ്സാര തുക പിഴയടച്ച് പുറത്തിറങ്ങി വീണ്ടും കച്ചവടം തുടരുകയാണ്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ നിയമപ്രകാരമുള്ള നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോഡ്രോപ്പിക് സബ്സ്റ്റാന്‍സസ് ആക്ട് 1985 പ്രകാരമാണ് കേസെടുക്കുന്നത്. 2001ലെ ഭേദഗതി പ്രകാരം ഒരുകിലോ ഗ്രാം വരെ കൈവശം വെക്കുന്നത് സ്മാള്‍ ക്വാണ്ടിറ്റിയും ഒരു കിലോ മുതല്‍ 20 കിലോ വരെ വെക്കുന്നത് മീഡിയം ക്വാണ്ടിറ്റിയും 20 കിലോക്ക് മുകളില്‍ വെക്കുന്നത് കമേഴ്സ്യല്‍ ക്വാണ്ടിറ്റിയുമാണ്. ഇതില്‍ ഒരു കിലോയില്‍ താഴെ കഞ്ചാവുമായി പിടിക്കപ്പെടുന്നവര്‍ നിസ്സാര തുക പിഴയടച്ച് രക്ഷപ്പെടും. ഇതറിയാവുന്ന വില്‍പനക്കാര്‍ ഒരു കിലോയില്‍ താഴെയേ കൈവശം വെക്കാറുള്ളൂ. ബത്തേരി ചുങ്കം കേന്ദ്രീകരിച്ചാണ് പ്രധാനമായും കച്ചവടം നടക്കുന്നത്. കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമാണ് കഞ്ചാവ് എത്തുന്നത്. മദ്യനിരോധം വന്നതോടെ കൂടുതല്‍ ആളുകള്‍ കഞ്ചാവിനോട് താല്‍പര്യം കാണിക്കുന്നുണ്ട്. അതില്‍ ഏറെയും പുതുതലമുറയാണ്. ബത്തേരിയില്‍ പാന്‍മസാല വില്‍ക്കുന്ന കടകള്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ പൂട്ടിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി നിരവധി പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. ഇതോടെ ടൗണിലും പരിസരത്തുമായി പുകയിലയുടെ വില്‍പന ഏറെക്കുറെ കുറഞ്ഞു. എന്നാല്‍, കഞ്ചാവ് വില്‍പനയെ പ്രതിരോധിക്കാന്‍ സാധിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.