മാനന്തവാടി നഗരത്തിലെ ഗതാഗതം: കുരുക്കഴിക്കാന്‍ നാറ്റ്പാക് പഠനം തുടങ്ങി

മാനന്തവാടി: ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ മാനന്തവാടിയിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക്) പഠനം തുടങ്ങി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട കോളജുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഓരോ മിനിറ്റിലും എത്തുന്ന വാഹനങ്ങളുടെ കണക്കുകള്‍ ശേഖരിച്ചു. വ്യാഴാഴ്ച രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണി വരെ കാട്ടിക്കുളം-മാനന്തവാടി റൂട്ടില്‍ പൊലീസ് സഹായത്തോടെ വാഹനങ്ങള്‍ നിര്‍ത്തിച്ച് ഡ്രൈവര്‍മാരില്‍നിന്ന് മുന്‍കൂട്ടി തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ചു. വെള്ളിയാഴ്ച മാനന്തവാടി-കോഴിക്കോട് റോഡില്‍ ചങ്ങാടക്കടവ് പാലത്തിന് സമീപവും ജൂണ്‍ 20ന് കുറ്റ്യാടി റോഡില്‍ പാണ്ടിക്കടവ് പാലത്തിന് സമീപവും ജൂണ്‍ 22ന് കണ്ണൂര്‍ റോഡില്‍ കുഴിനിലം എസ് വളവിലും ഇതേ രീതിയില്‍ വിവരശേഖരണം നടത്തും. ഭാവിയിലുണ്ടായേക്കാവുന്ന ഗതാഗതപ്രശ്നങ്ങള്‍ കൂടി തരണം ചെയ്യാവുന്ന തരത്തില്‍ പരിഷ്കരിക്കുകയാണ് ലഷ്യം. ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ളാനിങ് വകുപ്പിന് വേണ്ടിയാണ് നാറ്റ്പാക് പഠനം നടത്തുന്നത്്. ഇപ്പോഴത്തെ ഗതാഗത സൗകര്യങ്ങളും കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും പഠനവിധേയമാക്കും. റോഡുകളുടെ വീതി, പാര്‍ക്കിങ് സൗകര്യം, കവലകളുടെ സ്ഥലപരിമിതി, നടപ്പാത എന്നിവയുടെ വിവരശേഖരണം നടത്തും. വിവിധ സമയങ്ങളില്‍ റോഡിലെ വാഹനസാന്ദ്രത പരിശോധിക്കും. സമീപ പ്രദേശങ്ങളിലെ റോഡ് വികസനം കൂടി ലക്ഷ്യമിട്ട് ഭാവിയില്‍ ഉണ്ടാകുന്ന വാഹന സാന്ദ്രതകൂടി കണക്കാക്കിയാണ് പഠനറിപ്പോര്‍ട്ട് തയാറാക്കുക. പൊതുഗതാഗത സംവിധാനം ശക്തമാക്കാനുള്ള പദ്ധതികളും പഠനത്തിന്‍െറ ഭാഗമായുണ്ട്. പുതിയ ബൈപാസുകള്‍, റോഡുകള്‍, അടിപ്പാതകള്‍, ട്രാഫിക് സിഗ്നലുകള്‍, റോഡ് വീതികൂട്ടല്‍ എന്നിവയെല്ലാം പരിഗണിക്കും. ഗതാഗത പരിഷ്കരണ രംഗത്തെ നൂതന സംവിധാനങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത്. ഭാവിയില്‍ ഗതാഗത വികസനത്തിന് തടസ്സമുണ്ടാകാത്ത വിധത്തില്‍ കെട്ടിട നിര്‍മാണ അനുമതി നല്‍കുന്നതിനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കും. അതിന്‍െറ കോപ്പി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറും. മാനന്തവാടിക്ക് പുറമെ കണ്ണൂര്‍, പട്ടാമ്പി, വടക്കാഞ്ചേരി, കട്ടപ്പന, ഗുണുവായൂര്‍, ഈരാറ്റുപേട്ട, ഹരിപ്പാട്, കൊട്ടാരക്കര, കൊല്ലം, കൂത്താട്ടുകുളം, പിറവം തുടങ്ങിയ നഗരങ്ങളിലും പഠനം നടക്കുന്നുണ്ട്. രണ്ട് നഗരങ്ങള്‍ക്ക് ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലക്കാണ് പഠനം. 456 ലക്ഷം രൂപയാണ് പഠനത്തിന് ചെലവ്. ആറുമാസം കൊണ്ട് സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.