കല്‍പറ്റ: കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥിക്ക് ബഹുരാഷ്ട്ര കമ്പനിയില്‍ ആകര്‍ഷകമായ വേതനത്തില്‍ നിയമനം ലഭിച്ചു. കാപ്പംകൊല്ലി സ്വദേശിനിയായ ഷബാന ജാസ്മിനാണ് നെതര്‍ലന്‍ഡ്സ് ഗ്ളോബല്‍ സര്‍വിസസ് എന്ന കമ്പനിയില്‍ കണ്‍സള്‍ട്ടന്‍റായി നിയമനം ലഭിച്ചത്. 1,94,000 രൂപ വാര്‍ഷിക ശമ്പളത്തില്‍ കൊച്ചിയിലാണ് ആദ്യനിയമനം. വിദേശത്തേക്കടക്കം സ്ഥലംമാറ്റം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ന്യൂയോര്‍ക് ആസ്ഥാനമായ കമ്പനിക്ക് 19 രാജ്യങ്ങളിലായി 60ല്‍പരം കേന്ദ്രങ്ങളില്‍ വ്യവസായശൃംഖലകളുണ്ട്. ജില്ലയില്‍ വിവിധ ഏജന്‍സികള്‍ നടത്തുന്ന ഏഴ് പരിശീലനകേന്ദ്രങ്ങളാണ് ഡി.ഡി.യു.ജി.കെ.വൈ പദ്ധതി പ്രകാരം കുടുംബശ്രീയുടെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആയിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ ഈ കേന്ദ്രങ്ങളില്‍ ഇതിനകം പ്രവേശം നേടിയിട്ടുണ്ട്. ഇവരില്‍ പകുതിയിലധികവും വനിതകളാണ്. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പ്രവേശം ലഭിക്കുക. കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്. കുടുംബശ്രീ ബ്ളോക് കോഓഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളില്‍ ഉദ്യോഗാര്‍ഥികളുടെ സംഗമം നടത്തിയാണ് ഏജന്‍സികള്‍ അര്‍ഹതയുള്ളവരെ തെരഞ്ഞെടുക്കുന്നത്. ഭക്ഷ്യസംസ്കരണം, ഫാഷന്‍ ടെക്നോളജി, ഓട്ടോമൊബൈല്‍ ടെക്നീഷ്യന്‍, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, റീട്ടെയില്‍ മാനേജ്മെന്‍റ്, ഐ.ടി, ട്രാവല്‍ കണ്‍സള്‍ട്ടന്‍റ്, കമ്പ്യൂട്ടര്‍ അക്കൗണ്ടിങ്, സെക്യൂരിറ്റി ഗാര്‍ഡ്, ബി.പി.ഒ തുടങ്ങി ആധുനിക കാലഘട്ടത്തില്‍ ഏറെ തൊഴില്‍ സാധ്യതയുള്ള കോഴ്സുകളാണ് പദ്ധതിയില്‍. സൗജന്യമായാണ് പരിശീലനം. യൂനിഫോം, പഠനസാമഗ്രികള്‍ എന്നിവയും സൗജന്യമാണ്. റെസിഡന്‍ഷ്യല്‍ കോഴ്സ് അല്ലാത്തവര്‍ക്ക് പ്രതിദിനം 100 രൂപ യാത്രാബത്തയും ലഭിക്കും. താമസവും ഭക്ഷണവും സൗജന്യമാണ്. പരിശീലനത്തിനുശേഷം വിവിധ കമ്പനികളില്‍ ഓണ്‍ജോബ് ട്രെയ്നിങ്ങും ലഭിക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ നടത്തുന്നത്. പദ്ധതി പ്രകാരം ഇതുവരെ മുന്നൂറിലധികം പേര്‍ക്ക് നിയമനം ലഭിച്ചതില്‍ 107 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവരാണ്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും പതിനായിരത്തിലധികം രൂപ ശമ്പളമായി ലഭിക്കുന്നുണ്ട്. പദ്ധതിപ്രകാരം പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍: കുടുംബശ്രീ ജില്ലാ മിഷന്‍-04936 206589, കിരണ്‍-9633866892, സിഗാള്‍ തോമസ്-9447040740, വൈശാഖ് എം. ചാക്കോ-8547217962, ബിജോയ്-9605070863.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.