വീടില്ലാത്ത ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കും

കല്‍പറ്റ: മഴക്കാലത്ത് വീടില്ലാത്തതിനാല്‍ ദുരിതമനുഭവിക്കേണ്ടി വരുന്ന ആദിവാസി കുടുംബങ്ങളെ കണ്ടത്തെി പുനരധിവസിപ്പിക്കുന്നതിനായി പട്ടിക തയറാക്കി സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരോട് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയും ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറും ആവശ്യപ്പെട്ടു. വിവിധ പദ്ധതികള്‍ക്ക് കീഴില്‍ നിര്‍മിക്കുന്ന ആദിവാസി വീടുകളുടെ നിര്‍മാണ പുരോഗതി അവലോകനം ചെയ്യാന്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ആദിവാസി വീടുകളുടെ ചോര്‍ച്ച തടയാന്‍ പഞ്ചായത്തുകള്‍ക്ക് ഫണ്ട് വിനിയോഗിക്കാന്‍ സര്‍ക്കാറില്‍നിന്ന് പ്രത്യേക അനുമതി തേടും. ഓരോ പഞ്ചായത്തിലും വിവിധ പദ്ധതികള്‍ക്ക് കീഴില്‍ പണി തുടങ്ങി പൂര്‍ത്തിയാവാതെ കിടക്കുന്ന വീടുകളുടെ കണക്കെടുത്ത് ജൂണ്‍ 15നകം സമര്‍പ്പിക്കണം. ഇവ പൂര്‍ത്തിയാക്കി ജില്ലയിലെ എല്ലാ ആദിവാസികള്‍ക്കും വീട് നിര്‍മിക്കാനുള്ള പ്രത്യേക പദ്ധതി തയാറാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി എം.എല്‍.എ അറിയിച്ചു. ജില്ലയിലെ നാലായിരത്തോളം ആദിവാസി വീടുകള്‍ പണി പൂര്‍ത്തിയാവാതെ കിടക്കുന്നുവെന്നാണ് കണക്ക്. ഈ മാസം തന്നെ എ.ടി.എസ്.പി പദ്ധതി സംബന്ധിച്ച് പഞ്ചായത്ത് തലത്തില്‍ അവലോകന യോഗം നടത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍ദേശിച്ചു. പുതിയ വീടുകളുടെ നിര്‍മാണം നന്നായി പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ സൊസൈറ്റികളെ കണ്ടത്തെി ഏല്‍പിക്കണം. അതിലൂടെ അവര്‍ക്ക് കെട്ടിടിനിര്‍മാണ ജോലിയില്‍ പരിശീലനം നേടാനും തൊഴില്‍ ലഭ്യമാക്കാനും കഴിയും. ആദിവാസി ഭവന നിര്‍മാണത്തിന് ശാസ്ത്രീയവും ശാശ്വതവുമായ നിലപാട് സ്വീകരിക്കണം. ഓരോരുത്തര്‍ക്കും ആവശ്യമുള്ള വീടിന്‍െറ ഘടനയിലേക്ക് ഭവന നിര്‍മാണം മാറണം. ആദിവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പ്രശ്നം വീടുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നും എം.എല്‍.എ പറഞ്ഞു. ആദിവാസി ഭവന നിര്‍മാണ മേഖലയില്‍ ത്രിതല പഞ്ചായത്തുകളുടെയും കലക്ടറുടെയും പട്ടികവര്‍ഗ വകുപ്പിന്‍െറയും കൂട്ടായ പ്രവര്‍ത്തനം വേണം. പണി പൂര്‍ത്തിയാവാത്ത ആദിവാസി വീടുകളുടെ ബിനാമി കരാറുകാര്‍ക്കെതിരെ നിയമനടപടി എടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു. കോളനികളില്‍ തുറസ്സായ സ്ഥലങ്ങളിലെ മലവിസര്‍ജനം തടയാന്‍ ശുചിത്വമിഷനും ജലനിധിയും ചേര്‍ന്ന് പദ്ധതി നടപ്പിലാക്കും. ആദിവാസി വീടുകളുടെ പ്രശ്നം പരിഹരിച്ചാല്‍ മാത്രമേ മാവോവാദി ഭീഷണി നേരിടാന്‍ ജില്ലക്ക് കഴിയൂ. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.