മേപ്പാടി: നെടുമ്പാല ഇല്ലിച്ചുവട് എ.കെ.എസ് ഭൂസമര കേന്ദ്രത്തിലെ ആദിവാസികളെ മറയാക്കി പുറമേനിന്നുള്ളവര്‍ വനഭൂമി കൈയേറി ഇഞ്ചിക്കൃഷി നടത്തുന്നു. 10 ഏക്കറിലധികം ഭൂമി ഇങ്ങനെ വേലികെട്ടി കൈവശപ്പെടുത്തിയിട്ടുണ്ട്. ഒരു ഡസനോളം പേര്‍ ഭൂമി കൈയേറി കൃഷി നടത്തുന്നതായാണ് വിവരം. എ.കെ.എസ് ഭൂസമരകേന്ദ്രത്തിന് ചുറ്റിലുമായി ആദിവാസികള്‍ കൈവശം വെക്കാത്ത നിക്ഷിപ്ത വനഭൂമിയിലാണ് അടുത്തകാലത്തായി കൈയേറ്റം നടന്നിട്ടുള്ളത്. 2011ലാണ് ഇവിടെ എ.കെ.എസ് നേതൃത്വത്തില്‍ ഭൂസമരം ആരംഭിച്ചത്. 60ല്‍പരം കുടുംബങ്ങള്‍ ഇവിടെ താമസമാക്കിയിട്ടുണ്ട്. ഏകദേശം 25 ഏക്കര്‍ ഭൂമി അവര്‍ കൈവശംവെക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിനു പരിസരത്തായി ആദിവാസികള്‍ എത്താത്ത ഏക്കര്‍കണക്കിന് നിക്ഷിപ്ത വനഭൂമി അവശേഷിക്കുന്നുണ്ട്. മേപ്പാടി കോട്ടപ്പടി ഫോറസ്റ്റ് സെക്ഷനില്‍പെടുന്ന ഇവിടെ വനം വകുപ്പ് ജണ്ട കെട്ടിയിട്ടില്ല. ആ ഭൂമിയാണിപ്പോള്‍ പുറമേനിന്നുള്ള ജനറല്‍ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ കൈയേറിയത്. സ്ഥലം കൈയേറി വേലികെട്ടിത്തിരിച്ച് പതിനായിരങ്ങള്‍ മുടക്കിയാണ് ഇഞ്ചിക്കൃഷിയിറക്കിയിരിക്കുന്നത്. വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ഇവിടുത്തെ ആദിവാസി കുടുംബങ്ങള്‍ക്ക് ഇങ്ങനെ വന്‍തുക മുടക്കി കൃഷി നടത്താന്‍ ശേഷിയില്ല എന്നത് വസ്തുതയാണ്. എന്നാല്‍, ചില ആദിവാസികളും കൈയേറ്റത്തിന് ഒത്താശ ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇഞ്ചിക്കൃഷിപ്പണിയും ചില്ലറ സാമ്പത്തിക സഹായവും പുറമേനിന്നുള്ളവര്‍ ഇവര്‍ക്ക് നല്‍കുന്നുണ്ട്. ആദിവാസികളുടെ കൈവശത്തിലുള്ള ഭൂമിയിലും അവരുടെ ഒത്താശയോടെ കൃഷിയിറക്കിയവരുമുണ്ട്. അവരുടെ സാമ്പത്തിക വിഷമതകളെ സമര്‍ഥമായി ചൂഷണം ചെയ്താണ് പുറമേനിന്നുള്ളവര്‍ കൃഷി ചെയ്യുന്നത്. ആദിവാസികള്‍ കുടില്‍കെട്ടി താമസമാക്കിയതോടെ വനംവകുപ്പ് അധികൃതര്‍ ഇവിടേക്ക് കാര്യമായി ശ്രദ്ധിക്കാറില്ല. കൈയേറ്റങ്ങളൊക്കെ അവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും കണ്ടില്ളെന്നു നടിക്കുകയാണെന്ന് പരാതിയുണ്ട്. ഭൂസമരത്തിന് നേതൃത്വം നല്‍കിയ എ.കെ.എസ് സംഘടനയാകട്ടെ, പുറമേനിന്നുള്ളവരുടെ വനഭൂമി കൈയേറ്റത്തെയും കൃഷിയെയും തടയാന്‍ ഒരു ശ്രമവും നടത്തുന്നുമില്ല. ആദിവാസികള്‍ കൈയേറിയതിനേക്കാള്‍ കൂടിയ അളവില്‍ നിക്ഷിപ്ത വനഭൂമി ആദിവാസികളെ മറയാക്കി പുറമേനിന്നുള്ളവര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.