കല്‍പറ്റ: ജില്ലയില്‍ പട്ടികവര്‍ഗ വീടുകള്‍ വ്യാപകമായി പണി പൂര്‍ത്തിയാകാതെ കിടക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദാംശങ്ങള്‍ ആരാഞ്ഞ് സംസ്ഥാന ചീഫ് സെക്രട്ടറി, പട്ടികവര്‍ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പട്ടികവര്‍ഗ ഡയറക്ടര്‍, വയനാട് ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് ഹൈകോടതി നോട്ടീസ് അയച്ചു. ആദിവാസികളുടെ അവകാശസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന നീതിവേദി എന്ന സന്നദ്ധസംഘടന സമര്‍പ്പിച്ച റിട്ട് പെറ്റീഷനിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ഈ മാസം രണ്ടിന് നോട്ടീസ് അയച്ചത്. ഒരു മാസത്തിനകം മറുപടി ഫയല്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ജില്ലയില്‍ തലചായ്ക്കാന്‍ കൂരയില്ലാത്തതിന്‍െറ പേരില്‍ ദുരിതമനുഭവിക്കുന്ന ആദിവാസികളെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളാണ് റിട്ട് ഹരജിക്ക് ആധാരം. 1000 ആദിവാസി ഭവനങ്ങള്‍ സന്ദര്‍ശിച്ച് നടത്തിയ വിവരശേഖരണത്തില്‍ നിന്നുള്ള കണക്കുകളും നീതിവേദി വിവിധ പഞ്ചായത്തുകളില്‍ നടത്തിയ ലീഗല്‍ ക്ളിനിക്കുകളില്‍ ലഭിച്ച പരാതികളുടെ വിവരങ്ങളും കോടതിയുടെ മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഗുണഭോക്താവിന് വീടിന്‍െറ പണി നേരിട്ട് ഏല്‍പ്പിക്കണമെന്ന് വ്യവസ്ഥയുള്ളപ്പോള്‍ തന്നെ ബിനാമികളെ ജോലിയേല്‍പ്പിക്കുന്നതും ഭവനനിര്‍മാണത്തിന് ആവശ്യമായ തുക ലഭ്യമാക്കാത്തതും പാതിവഴിയില്‍ നിര്‍മാണം നിലക്കാന്‍ കാരണമാകുന്നുണ്ട്. പുതിയ വീടിന്‍െറ നിര്‍മാണത്തിനായി നിലവിലുള്ള കുടില്‍ പൊളിച്ചുനീക്കുന്നത് സാധാരണമാണ്. പ്ളാസ്റ്റിക്കും ഉപയോഗം കഴിഞ്ഞ ഫ്ളക്സ് ബോര്‍ഡുകളും തുണിയുമൊക്കെ വലിച്ചുകെട്ടി അന്തിയുറങ്ങുന്ന ആദിവാസി കുടുംബങ്ങള്‍ ജില്ലയില്‍ നിരവധിയാണ്. ആദിവാസി ഭവനനിര്‍മാണത്തിനും പാതിവഴിയില്‍ നിര്‍ത്തിവെച്ച വീടുകളുടെ പണി പൂര്‍ത്തീകരിക്കുന്നതിനും പ്രത്യേക പാക്കേജ് ഉണ്ടാക്കി സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് റിട്ടിലെ മുഖ്യ ആവശ്യം. നീതിവേദിക്കുവേണ്ടി സെക്രട്ടറി ഫാ. സ്റ്റീഫന്‍മാത്യുവാണ് പരാതിക്കാരന്‍. അഡ്വ. ഷാജി തോമസ് പരാതിക്കാരനുവേണ്ടി ഹൈകോടതിയില്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.