ആദിവാസി കുട്ടികളുടെ സ്കൂള്‍ പ്രവേശം ഉറപ്പുവരുത്തി ഗോത്രജ്യോതി

സുല്‍ത്താന്‍ ബത്തേരി: അഞ്ച് വയസ്സ് പൂര്‍ത്തിയായ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഒന്നാം ക്ളാസ് പ്രവേശം ഉറപ്പുവരുത്താന്‍ ആവിഷ്കരിച്ച ഗോത്രജ്യോതി പദ്ധതി ഈ വര്‍ഷവും നടപ്പാക്കി. ബത്തേരി നഗരസഭയിലും നെന്മേനി ഗ്രാമപഞ്ചായത്തിലുമായി 259 കോളനികളിലാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി പ്രവര്‍ത്തനത്തിലൂടെ വിവിധ സ്കൂളുകളിലായി 145 കുട്ടികളെ ഒന്നാം ക്ളാസില്‍ ചേര്‍ത്തു. പഠനം ഉപേക്ഷിച്ച 67 വിദ്യാര്‍ഥികളെ തുടര്‍പഠനത്തിന് വീണ്ടും സ്കൂളിലത്തെിച്ചു. പത്തു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്രവേശം നല്‍കി. പ്രീമെട്രിക് ഹോസ്റ്റലുകളില്‍ 22 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43 പേര്‍ക്ക് പ്രവേശം നല്‍കി. എസ്.എസ്.എല്‍.സി വിജയിച്ച വിദ്യാര്‍ഥികള്‍ക്കായി ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്‍െറ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്‍റ് സെല്ലിന്‍െറ സഹകരണത്തോടെ സൗജന്യ സെമിനാര്‍ സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ളസ് വണ്ണിന് അപേക്ഷ നല്‍കുന്നതിന് സൗജന്യമായി ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി. 106 വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കി. സാമ്പത്തിക പ്രയാസംമൂലം സ്കൂളില്‍ പോകാന്‍ സാധിക്കാതിരുന്ന 13 വിദ്യാര്‍ഥികളെ കണ്ടത്തെി വ്യാപാരികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ഇവര്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് സാധിച്ചു. 23 പേര്‍ക്ക് സാക്ഷരതാ മിഷന്‍െറ വിവിധ കോഴ്സുകളിലേക്ക് പ്രവേശം നല്‍കി. കായികാഭിമുഖ്യമുള്ള വിദ്യാര്‍ഥിയെ തിരുവനന്തപുരം വെള്ളായനി അയ്യങ്കാളി മെമ്മോറിയല്‍ സ്പോര്‍ട്സ് സ്കൂളില്‍ ചേര്‍ത്തു. മികച്ച പഠനനിലവാരമുള്ള 18 വിദ്യാര്‍ഥികള്‍ക്ക് അയ്യങ്കാളി സ്കോളര്‍ഷിപ് നല്‍കും. കുട്ടികളെ കൃത്യമായി സ്കൂളില്‍ വിടുന്ന രക്ഷിതാക്കള്‍ക്ക് എല്ലാ മാസവും സ്പെഷല്‍ ഇന്‍സെന്‍റീവ് ഗ്രാന്‍ഡ് നല്‍കും. എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്നതാണ്. ഇതിനുള്ള അപേക്ഷ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസില്‍ ലഭിക്കും. ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസിന് കീഴിലുള്ള എസ്.ടി പ്രമോട്ടര്‍മാര്‍ നാലുപേര്‍ വീതമുള്ള പത്ത് ഗ്രൂപ്പുകളായാണ് വീടുകള്‍ കയറി കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുന്നതിനാവശ്യമായ ബോധവത്കരണവും മറ്റു നടപടികളും പൂര്‍ത്തിയാക്കിയത്. 4078 കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്തി. ജനമൈത്രി പൊലീസ്, അധ്യാപകര്‍, അങ്കണവാടി അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അഞ്ച് വയസ്സ് പൂര്‍ത്തിയായിട്ടും സ്കൂളില്‍ പ്രവേശം നേടാത്തതോ തുടര്‍ച്ചയായി സ്കൂളില്‍ പോകാത്തതോ ആയ ആദിവാസി കുട്ടികളെ ശ്രദ്ധയില്‍പ്പെട്ടാല്‍ ട്രൈബല്‍ പ്രമോട്ടര്‍മാരെയോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസിലോ അറിയിക്കണം. ഫോണ്‍: 9744467016.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.