ബ്രഹ്മഗിരി പദ്ധതിക്ക് സര്‍ക്കാര്‍ സഹായം ഉറപ്പുവരുത്തും –ധനമന്ത്രി

കല്‍പറ്റ: ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ കീഴിലുള്ള മലബാര്‍ മീറ്റ് ഫാക്ടറി ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്് സന്ദര്‍ശിച്ചു. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, സുല്‍ത്താന്‍ ബത്തേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ലതാ ശശി, വൈസ് പ്രസിഡന്‍റ് സുരേഷ് താളൂര്‍, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് ബീന വിജയന്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ബ്രഹ്മഗിരി ചെയര്‍മാന്‍ പി. കൃഷ്ണപ്രസാദ്, വൈസ് ചെയര്‍മാന്‍ കെ.ജെ. പോള്‍, സി.ഇ.ഒ ടി.ആര്‍. സുജാത എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രിയെ സ്വീകരിച്ചു. മലബാര്‍ മീറ്റിന് പ്രവര്‍ത്തന മൂലധനം ലഭ്യമാക്കാന്‍ നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞു. ആട് ഗ്രാമം പോലുള്ള പദ്ധതികള്‍ മലബാര്‍ മേഖലയില്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കും. മലബാര്‍ മീറ്റ് ഒൗട്ട്ലെറ്റുകള്‍ അനുവദിച്ച് പരമ്പരാഗത അറവുതൊഴിലാളികളെ ഘട്ടംഘട്ടമായി പുനരധിവസിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി പരിഗണിക്കുന്നതാണ്. ആദിവാസികള്‍ക്കായി മൃഗപരിപാലനം, പച്ചക്കറി കൃഷി, നെല്‍കൃഷി എന്നീ മേഖലകളില്‍ പദ്ധതികള്‍ നടപ്പിലാക്കി തൊഴിലും സ്ഥിരവരുമാനവും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കാര്‍ഷിക മൃഗപരിപാലന മേഖലയിലെ ഉല്‍പാദന ഉപാധികളുടെ വിതരണത്തിനും വിപണനത്തിനുമുള്ള അക്രെഡിറ്റഡ് ഏജന്‍സിയായി ബ്രഹ്മഗിരിയെ പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിക്ക് ബ്രഹ്മഗിരിയുടെ ഉപഹാരം എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം എം. വേലായുധന്‍ സമര്‍പ്പിച്ചു. പി.എ. മുഹമ്മദ്, സി. ഭാസ്കരന്‍, എം. പ്രകാശ്, അഡ്വ. കെ.കെ. സോമനാഥന്‍, പി.കെ. രാമചന്ദ്രന്‍, എ.ഒ. ഗോപാലന്‍, ഡോ. അമ്പി ചിറയില്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.