മീനങ്ങാടി പഞ്ചായത്ത് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി പ്രഖ്യാപനം നാളെ

കല്‍പറ്റ: മീനങ്ങാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ പ്രഖ്യാപനം പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം ഭീഷണിയാവുന്ന ആഗോള സാഹചര്യത്തില്‍ പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. അനുദിനം വഷളാകുന്ന വയനാടിന്‍െറ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് സാധ്യമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കും. അന്തരീക്ഷ താപനില നിയന്ത്രിച്ച് കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് കാര്‍ബണ്‍ഡൈഓക്സൈഡിന്‍െറയും മറ്റ് ഹരിതഗൃഹ വാതകങ്ങളുടെയും അളവ് നിയന്ത്രണവിധേയമാക്കണം. ഇതിനായി നടക്കുന്ന അന്താരാഷ്ട്ര ഇടപെടലുകള്‍ ശക്തിപ്പെടുത്താന്‍ പ്രാദേശികമായ ബോധവത്കരണവും പ്രായോഗികനടപടികളും അനിവാര്യമാണ്. ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും സഹായത്തോടെ മീനങ്ങാടി പഞ്ചായത്ത് പരിധിയിലുള്ള ഹരിതഗൃഹ വാതക പുറന്തള്ളല്‍ അളന്നുതിട്ടപ്പെടുത്തുക, ജനപങ്കാളിത്തത്തോടെ ഇത് ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ പ്രയോഗവത്കരിക്കുക, ഘട്ടംഘട്ടമായി ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിക്കുക, കാര്‍ബണ്‍ ആഗിരണം ത്വരിതപ്പെടുത്തുന്നതിന് ഉതകുന്ന ശാസ്ത്രീയരീതികള്‍ ആവിഷ്കരിക്കുക, ആഗോളതലത്തില്‍ ഹരിതഗൃഹ വാതക നിയന്ത്രണത്തില്‍ പങ്കാളിയാവുക എന്നിങ്ങനെ നാലു ഘട്ടങ്ങളിലായാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. അഞ്ചിന് രാവിലെ 11ന് പാതിരിപ്പാലത്ത് നടക്കുന്ന പരിപാടിയില്‍ ഐ.ഡബ്ള്യൂ.എം.പി പുഴയോര മുളവത്കരണ പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിക്കും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പരിസ്ഥിതിദിന സന്ദേശം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ലത ശശി, പഞ്ചായത്ത് പ്രസിഡന്‍റ് ബീന വിജയന്‍, വൈസ് പ്രസിഡന്‍റ് സി. അസൈനാര്‍, എം.എസ്. സ്വാമിനാഥന്‍ റിസര്‍ച് ഫൗണ്ടേഷന്‍ പ്രിന്‍സിപ്പല്‍ സൈന്‍റിസ്റ്റ് ഗിരിജന്‍ ഗോപി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.