കൊട്ടമുരട്ട് കോളനിക്കാര്‍ക്ക് മഴക്കാലത്ത് ആധിയേറും

പുല്‍പള്ളി: മഴക്കാലം വേലിയമ്പം കൊട്ടമുരട്ട് പണിയ കോളനി നിവാസികള്‍ക്ക് ആധിയേറുന്ന കാലമാണ്. വര്‍ഷങ്ങളായി തുടരുന്ന ദുരിതങ്ങള്‍ക്ക് അറുതിയില്ലാതായതോടെ ഈ മഴയത്തും ഇവിടത്തെയാളുകള്‍ ദുരിതം തിന്നേണ്ടിവരും. സ്വന്തമായി വീടോ ഒരു സെന്‍റ് ഭൂമിയോ ഇവര്‍ക്കില്ല. ആശിക്കും ഭൂമി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറച്ചുപേര്‍ക്ക് ഭൂമി നല്‍കിയെങ്കിലും ഈ സ്ഥലത്തേക്ക് വഴി ഇല്ലാത്തതിന്‍െറ പേരില്‍ ഭൂമി വിട്ടുനല്‍കാന്‍ സാധിച്ചിട്ടില്ല. ഭൂമി ലഭിച്ചവര്‍ക്ക് അവിടെ വീടുനിര്‍മിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ അവരും ഇപ്പോള്‍ ഈ കോളനിയില്‍തന്നെ കഴിയുകയാണ്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മിച്ച തകര്‍ന്നുവീഴാറായ കൂരകള്‍ക്കുള്ളിലാണ് ഇവരുടെ വാസം. രണ്ടേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കോളനിയില്‍ അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇത്രയും വീടുകളിലായി മുന്നൂറോളം പേരുണ്ട്. മഴക്കാലം തുടങ്ങിയതോടെ വീടുകള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കുടിവെള്ള സൗകര്യവും ഇല്ല. ഒരു കിണറാണ് ഇത്രയും കുടുംബങ്ങള്‍ക്ക് ആകെയുള്ളത്. ഇതിലാകട്ടെ വെള്ളം വറ്റിയ നിലയിലുമാണ്. വനത്തോട് ചേര്‍ന്ന കോളനിയില്‍ ശൗചാലയങ്ങളുമില്ല. സമീപകാലത്ത് 13 കുടുംബങ്ങളെ കാപ്പിസെറ്റിലേക്ക് മാറ്റി. ഇവിടെ അവശേഷിക്കുന്ന കുടുംബങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.