ഹ്യുമാനിറ്റീസില്‍ താല്‍പര്യമില്ലാതെ എയ്ഡഡ് പ്ളസ് ടു സ്കൂളുകള്‍

കല്‍പറ്റ: വയനാട് ജില്ലയില്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ഹ്യൂമാനിറ്റീസ് കോഴ്സുകളോട് മുഖംതിരിഞ്ഞുനില്‍ക്കുന്നതായി ആക്ഷേപം. വിരലിലെണ്ണാവുന്ന എയ്ഡഡ് സ്കൂളുകള്‍ മാത്രമാണ് ഹ്യുമാനിറ്റീസ് ഉള്‍പ്പെടുത്താന്‍ തയാറായിട്ടുള്ളത്. താരതമ്യേന മാര്‍ക്ക് കുറഞ്ഞ കുട്ടികള്‍ തെരഞ്ഞെടുക്കുന്ന ഹ്യുമാനിറ്റീസ് വിഭാഗങ്ങളില്‍ പരാജിതരുടെ എണ്ണം കൂടുതലാകുമെന്നതിനാല്‍ 100 ശതമാനം വിജയം ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളെ അതു ദോഷകരമായി ബാധിക്കാന്‍ ഇടയുള്ളതിനാലാണ് ഹ്യുമാനിറ്റീസ് കോഴ്സുകള്‍ പഠിപ്പിക്കാന്‍ സ്കൂളുകള്‍ തയാറാകാത്തതെന്നാണ് ആരോപണം. ഗോത്രവര്‍ഗ വിഭാഗങ്ങളില്‍നിന്നുള്ളവരടക്കം സാധാരണക്കാരായ ഒട്ടേറെ വിദ്യാര്‍ഥികള്‍ താല്‍പര്യപ്പെടുന്ന ഹ്യുമാനിറ്റീസ് കോഴ്സുകള്‍ പല സ്കൂളുകളിലും ഇല്ലാത്തത് വിദ്യാര്‍ഥികളെ കുഴക്കുകയാണ്. ജില്ലയിലെ 27 എയ്ഡഡ് സ്കൂളുകളില്‍ പത്തില്‍ താഴെ സ്കൂളുകളില്‍ മാത്രമാണ് ഹ്യുമാനിറ്റീസ് ഉള്ളത്. മിക്ക എയ്ഡഡ് സ്കൂളുകളും സയന്‍സ്, കോമേഴ്സ് വിഷയങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. സര്‍ക്കാര്‍ സ്കൂളുകളിലാണ് ജില്ലയില്‍ കൂടുതലും ഹ്യുമാനിറ്റീസ് കോഴ്സുകള്‍ ഉള്ളത്. ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ മിക്കവരും ഹ്യുമാനിറ്റീസ് എടുത്ത് പഠിക്കാന്‍ താല്‍പര്യം കാട്ടുന്നവരാണ്. എന്നാല്‍, തങ്ങള്‍ക്ക് പ്രാപ്യമായ സ്കൂളുകളില്‍ ഹ്യുമാനിറ്റീസ് ഇല്ലാത്തത് പലരുടെയും തുടര്‍പഠനങ്ങളെ ബാധിക്കുന്നു. താല്‍പര്യമില്ലാതിരുന്നിട്ടും സയന്‍സ് വിഭാഗത്തില്‍ പഠിക്കാന്‍ നിര്‍ബന്ധിതരാവുന്ന ആദിവാസി വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും കോഴ്സ് അവസാനിക്കും മുമ്പുതന്നെ കൊഴിഞ്ഞുപോകുന്ന സാഹചര്യവും ജില്ലയിലുണ്ട്. ഇതിനു പരിഹാരമായി നഗര-ഗ്രാമ വ്യത്യാസമില്ലാതെ വയനാട്ടിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഹ്യുമാനിറ്റീസ് കോഴ്സുകളില്‍ ചേര്‍ന്നുപഠിക്കാനുള്ള അവസരമൊരുക്കണമെന്നാണ് ഗോത്രവര്‍ഗ വിഭാഗക്കാരായ വിദ്യാര്‍ഥികളുടെ ആവശ്യം. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി വിഷയങ്ങള്‍ ചേര്‍ന്ന കോഴ്സാണ് ജില്ലയില്‍ വ്യാപകമായുള്ളത്. സോഷ്യോളജിക്കുപകരം സോഷ്യല്‍ വര്‍ക് വിഷയമായ കോഴ്സ് ചിലയിടങ്ങളിലുണ്ട്. സോഷ്യോളജി, ജേണലിസം, കമ്യൂണിക്കേറ്റിവ് ഇംഗ്ളീഷ്, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ വിഷയങ്ങള്‍ അടങ്ങിയ കോഴ്സും ഒന്നുരണ്ട് സര്‍ക്കാര്‍ സ്കൂളുകളിലുണ്ട്. അതേസമയം, ഹ്യുമാനിറ്റീസ് ഉള്‍പ്പെടുത്തിയാല്‍ വിജയശതമാനം കുറയുമെന്ന വാദങ്ങള്‍ക്ക് അടിസ്ഥാനമില്ളെന്ന് കോഴ്സ് ഉള്‍പ്പെടുത്തിയ എയ്ഡഡ് സ്കൂളിലെ അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സ്കൂളുകളില്‍ മിക്കതിലും 95 ശതമാനത്തിനു മുകളില്‍ വിജയമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.