അറവുമാലിന്യം റോഡില്‍; ദുരിതം പേറി ജനം

വൈത്തിരി: ഇതര ജില്ലയില്‍നിന്നെന്നു സംശയിക്കുന്ന ലോഡുകണക്കിന് ദുര്‍ഗന്ധപൂരിതമായ മൃഗാവശിഷ്ടങ്ങള്‍ നാലു ദിവസത്തിനിടെ രണ്ടാം തവണയും ചേലോട് റോഡില്‍ തള്ളിയത് വഴിയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ദുരിതമായി. തിങ്കളാഴ്ച പുലര്‍ച്ചെ പോത്തിന്‍െറയും കോഴിയുടേതുമായി 30 ചാക്ക് അറവുമാലിന്യങ്ങള്‍ ചേലോട്-അമ്മാറ റോഡില്‍ നിക്ഷേപിച്ചത് പ്രദേശത്താകെ ദുര്‍ഗന്ധം പരത്തിയിരുന്നു. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വൈത്തിരി പഞ്ചായത്ത് അധികൃതര്‍ മണ്ണുമാന്ത്രി യന്ത്രവും ട്രാക്ടറും ഉപയോഗിച്ച് സ്ഥലത്തുനിന്നും കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ വീണ്ടും ടിപ്പര്‍ ലോറിയില്‍ നൂറുകണക്കിന് ചാക്ക് മാലിന്യം അതേ സ്ഥലത്തു കൊണ്ടുവന്നു തള്ളി. ദേശീയ പാതയോട് ചേര്‍ന്ന് അമ്മാറ റോഡിലാണ് മാലിന്യം തള്ളിയത്. വിദ്യാര്‍ഥികളും എസ്റ്റേറ്റ് തൊഴിലാളികളുമായി ധാരാളം പേര്‍ യാത്ര ചെയ്യുന്ന റോഡാണിത്. ദുര്‍ഗന്ധം ദേശീയ പാതയിലേക്കും വ്യാപിച്ചിട്ടുണ്ട്. ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം നീക്കംചെയ്യുന്നതിന് വാഹനങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടുകയാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. മലപ്പുറം, മുക്കം ഭാഗങ്ങളില്‍നിന്നാണ് അറവുമാലിന്യങ്ങള്‍ കൊണ്ടുവന്നതെന്നു സംശയിക്കുന്നതായി വൈത്തിരി പൊലീസ് എസ്.ഐ ജയപ്രകാശ് പറഞ്ഞു. പുലര്‍ച്ചെ രണ്ടുമണി വരെ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. പൊലീസ് തിരിച്ചുപോയ ഉടനെയാണ് മാലിന്യം തള്ളിയത്. സംശയം തോന്നി പൊലീസ് സ്ഥലത്തത്തെുമ്പോഴേക്കും മാലിന്യം കൊണ്ടുവന്ന പിക്അപ് ലോറി അതിവേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്.ഐ പറഞ്ഞു. ലക്കിടിയില്‍ ജില്ലയിലേക്കുള്ള പ്രവേശ കവാടത്തില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി ഇത്തരം മാലിന്യ ലോറികളെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.