പ്രതിരോധം ഫലം കാണുന്നില്ല: വന്യമൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലേക്ക്

സുല്‍ത്താന്‍ ബത്തേരി: പ്രതിരോധ പ്രവര്‍ത്തനങ്ങളെയെല്ലാം മറികടന്ന് വന്യമൃഗങ്ങള്‍ ഗ്രാമങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കുമിറങ്ങുന്നത് പതിവാകുന്നു. ഇതോടെ വനാതിര്‍ത്തി ഗ്രാമങ്ങളിലെ ജനജീവിതമാണ് ദുരിതത്തിലാകുന്നത്. ട്രഞ്ചുകളും വൈദ്യുതി വേലികളും കന്മതിലുകളുമെല്ലാം തകര്‍ത്ത് ആനകളും മറ്റു മൃഗങ്ങളും നിര്‍ബാധം നാട്ടിലേക്ക് ഇറങ്ങുകയാണ്. മതിയായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭരണാധികാരികള്‍ തയാറാകുന്നില്ളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മിക്ക സ്ഥലങ്ങളിലും സോളാര്‍ ഫെന്‍സിങ്ങാണ് നിര്‍മിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ ട്രഞ്ചും കന്മതിലും നിര്‍മിച്ചിട്ടുണ്ട്. ട്രഞ്ച് ഇടിച്ചാണ് ആനകള്‍ പല സ്ഥലത്തും കൃഷിയിടങ്ങളിലിറങ്ങുന്നത്. കന്മതിലും പല സ്ഥലത്തും തകര്‍ത്തിട്ടുണ്ട്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ ഫലപ്രദമായ രീതിയില്‍ നടപ്പാക്കുന്ന പ്രതിരോധമാര്‍ഗമാണ് സോളാര്‍ ഫെന്‍സിങ്. എന്നാല്‍, സോളാര്‍ ഫെന്‍സിങ് കാര്യക്ഷമമല്ളെന്നാണ് കൃഷിക്കാര്‍ പറയുന്നത്. 2015-16 വര്‍ഷം 97 ലക്ഷം രൂപ മുടക്കി 70 കിലോമീറ്ററോളം സോളാര്‍ ഫെന്‍സിങ് നിര്‍മിച്ചു. അതേസമയം, ട്രഞ്ച് നിര്‍മിക്കുന്നതിന് ഒരു കിലോമീറ്ററിന് ഏഴു ലക്ഷം രൂപയോളം ചെലവ് വരുന്നുണ്ട്. ഒരു കിലോമീറ്റര്‍ കന്മതില്‍ നിര്‍മിക്കുന്നതിന് 1.5 കോടി രൂപയാണ് ചെലവ്. ഇത്രയും തുക മുടക്കി നിര്‍മിക്കുന്ന കന്മതിലുകള്‍ തകരുന്നത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. കന്മതില്‍ നിര്‍മിക്കുന്നതിന് വന്‍തോതില്‍ പാറ പൊട്ടിക്കേണ്ടതായും വരുന്നു. സോളാര്‍ ഫെന്‍സിങ് കൃത്യമായി സംരക്ഷിക്കാത്തതിനാലാണ് പ്രവര്‍ത്തനക്ഷമമല്ലാതെ വരുന്നത്. വന്യമൃഗങ്ങള്‍ തകര്‍ക്കുന്ന സ്ഥലങ്ങളില്‍ കൃത്യമായി പുനര്‍നിര്‍മാണം നടത്താറില്ല. കാടുകയറിയും പല സ്ഥലത്തും ഫെന്‍സിങ് നശിക്കുന്നുണ്ട്. മുമ്പ് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി സോളാര്‍ ഫെന്‍സിങ് സംരക്ഷിക്കുന്നതിന് ആളുകളെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, പിന്നീട് ഇത് നിര്‍ത്തലാക്കി. വനം വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പല സ്ഥലത്തും കാവല്‍ ഏര്‍പ്പെടുത്താനോ ഫെന്‍സിങ് സംരക്ഷിക്കാനോ സാധിക്കാറില്ല. കട്ടയാട്, മുണ്ടക്കൊല്ലി, വാകേരി എന്നിവിടങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമാണ്. സോളാര്‍ ഫെന്‍സിങ് കൃത്യമായി സംരക്ഷിക്കാന്‍ സാധിച്ചാല്‍ പലയിടത്തും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് തടയാന്‍ സാധിക്കുമെന്ന് വനം വകുപ്പ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.