കെ.എസ്.ആര്‍.ടി.സി : ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കില്ല –മന്ത്രി

കല്‍പറ്റ: കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് നിരക്ക് വര്‍ധന വരുത്താന്‍ ഉദേശിക്കുന്നില്ളെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. വയനാട് പ്രസ്ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യക്ഷമമായ മാനേജ്മെന്‍റിലൂടെ ചെലവ് കുറച്ച് വരുമാനം വര്‍ധിപ്പിക്കുകയാണ് കെ.എസ്.ആര്‍.ടി.സിയുടെ ലക്ഷ്യം. ഈ മേഖലയില്‍ പ്രഫഷനല്‍ മാനേജ്മെന്‍റ് സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സി.എം.ഡി ഒഴികെയുള്ള എക്സിക്യൂട്ടിവ് തസ്തികകള്‍ പ്രമോഷനിലൂടെയാണ് നികത്തുന്നത്. ഇതിനു പകരം കഴിവുള്ളവരെ തലപ്പത്ത് നിയോഗിക്കാന്‍ നടപടി സ്വീകരിക്കും. കെ.എസ്.ആര്‍.ടി.സിയിലെ ട്രേഡ് യൂനിയനുകള്‍ പ്രമോഷനുകള്‍ തങ്ങളുടെ അവകാശമായാണ് കരുതുന്നത്. അതിനാല്‍ അവരുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനമെടുക്കും. ഇതിനായി സര്‍വിസുകളുടെ പുന$ക്രമീകരണം, കൂടുതല്‍ ഷെഡ്യൂളുകള്‍ അനുവദിക്കല്‍, വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച സേവനം എന്നിവയാണ് ഉദേശിക്കുന്നത്. 700 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ജി.പി.എസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ബസ് സര്‍വിസുകളുടെ കൃത്യമായ വിവരം യാത്രക്കാര്‍ക്ക് ലഭ്യമാക്കും. സര്‍വിസുകളുടെ വിവരം ബസുകളിലും പ്രദര്‍ശിപ്പിക്കും. കെ.എസ്.ആര്‍.ടി.സിയില്‍ മാത്രമാണ് പകരം നിയമനം നടത്താതെ ജീവനക്കാരെ സ്ഥലംമാറ്റുന്നത്. അശാസ്ത്രീയമായ ഈ സമ്പ്രദായം പുന$പരിശോധിക്കും. മോട്ടോര്‍ വാഹന വകുപ്പിനെക്കുറിച്ച് ജനങ്ങളെക്കൊണ്ട് നല്ലതു പറയിപ്പിക്കും. അതിനായി അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സ്വകാര്യ ബസുകള്‍ റൂട്ടുമാറി ഓടുന്നത് തടയും. നിലവില്‍ സ്വകാര്യ ബസുകള്‍ക്ക് ആര്‍.ടി.ഒയും കെ.എസ്.ആര്‍.ടി.സിക്ക് തിരുവനന്തപുരം ചീഫ് ഓഫിസില്‍ നിന്നുമാണ് സര്‍വിസുകളുടെ സമയം തീരുമാനിക്കുന്നത്. ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. രണ്ടു വിഭാഗങ്ങള്‍ക്കും ഗുണകരമായ രീതിയില്‍ സംയുക്തമായി തീരുമാനമെടുക്കുന്ന സമ്പ്രദായം സ്വീകരിക്കും. ഗതാഗത സംബന്ധമായ വിഷയങ്ങളില്‍ മറ്റു സൗകര്യങ്ങളില്ലാത്ത വയനാട്, ഇടുക്കി ജില്ലകള്‍ക്ക് മുന്തിയ പരിഗണന നല്‍കും. പ്രസ് ക്ളബ് പ്രസിഡന്‍റ് ബിനു ജോര്‍ജ് അധ്യക്ഷത വഹിച്ചു. വി.ജെ. വര്‍ഗീസ് സ്വാഗതവും ജംഷീര്‍ കൂളിവയല്‍ നന്ദിയും പറഞ്ഞു. എന്‍.സി.പി ജില്ലാ പ്രസിഡന്‍റ് എം.പി. അനില്‍, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എം. ശിവരാമന്‍, ഷാജു വന്ദന എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.