വയനാട്ടില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കൂടുന്നു

സുല്‍ത്താന്‍ ബത്തേരി: നഗരത്തിരക്കില്‍നിന്നും മാറി ഗ്രാമീണതയിലും പച്ചപ്പിലും സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം തെരഞ്ഞെടുക്കുന്ന സ്ഥലമായി വയനാട് മാറുന്നു. വെള്ളച്ചാട്ടങ്ങളും ഡാമുകളും തടാകങ്ങളും കാണുക എന്നതിനപ്പുറത്തേക്ക് വയനാടന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നതിലേക്ക് വിനോദസഞ്ചാരം മാറിക്കഴിഞ്ഞു. സ്ഥലസന്ദര്‍ശനത്തില്‍ മാത്രമൊതുങ്ങാതെ വയനാടന്‍ ജനതയുടെ ജീവിതരീതികളെക്കുറിച്ച് അറിയുന്നതിനും തനത് ഭക്ഷണങ്ങള്‍ രുചിക്കുന്നതിനും ചളിയിലൂടെ നടക്കുന്നതിനും മഴ നനയുന്നതിനുമെല്ലാം താല്‍പര്യം കാണിക്കുന്നവര്‍ നിരവധിയാണ്. ഗ്രാമങ്ങളിലൂടെ നടന്ന് ആദിവാസികളോടും നാട്ടുകാരോടും അറിയാവുന്ന ഭാഷയില്‍ സംസാരിക്കുന്നതിനും അവര്‍ക്കൊപ്പംനിന്ന് ഫോട്ടോയെടുക്കുന്നതിനുമെല്ലാം സഞ്ചാരികള്‍ ഏറെ താല്‍പര്യം കാണിക്കുന്നു. റിസോര്‍ട്ടുകളും ടൂര്‍ പാക്കേജുകള്‍ നല്‍കുന്നവരുമെല്ലാം പ്രത്യേക ഇനമായി ഗ്രാമങ്ങളിലൂടെയുള്ള ഇത്തരം സഞ്ചാരങ്ങള്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയിട്ടുമുണ്ട്. തേയിലത്തോട്ടങ്ങളിലൂടെയും കാപ്പിത്തോട്ടങ്ങളിലൂടെയും നെല്‍പ്പാടങ്ങളിലൂടെയുമെല്ലാമാണ് ഇത്തരം യാത്രകള്‍ ഒരുക്കുന്നത്. 2015-16 വര്‍ഷത്തില്‍ 100ഓളം രാജ്യങ്ങളില്‍നിന്നുള്ളവര്‍ ജില്ല സന്ദര്‍ശിച്ചു. ഇതില്‍ 89 രാജ്യങ്ങളില്‍നിന്നുള്ളവര്‍ വയനാട്ടില്‍ താമസിക്കുകയും ചെയ്തു. തുനീഷ്യ, ഇറാഖ്, ഉസ്ബകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുപോലും ആളുകള്‍ ജില്ലയിലത്തെിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍നിന്നും ഗ്രാമങ്ങളിലേക്കും ടൂറിസം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും ഇതിനകംതന്നെ വയനാടിനെക്കുറിച്ച് ലോകം മുഴുവനും പ്രചാരണം നടക്കുന്നുണ്ട്. ഇത് ലോകത്തിന്‍െറ പല കോണുകളില്‍നിന്നും ആളുകളെ വയനാട്ടിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.