വീടും സൗകര്യവുമില്ലാതെ പരപ്പന്‍പാറ കോളനിവാസികള്‍

വടുവഞ്ചാല്‍: വന്യജീവികളുടെ ഭീഷണിമൂലം ജീവിതം അസാധ്യമായിത്തീര്‍ന്ന പരപ്പന്‍പാറ കോളനിയിലെ ചോലനായ്ക്ക കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാനും പകരം സ്ഥലവും വീടുകളും നിര്‍മിച്ചുനല്‍കി പുനരധിവസിപ്പിക്കാനും അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമായി. മഴയാരംഭിച്ചതോടെ കാട്ടാന, പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യംമൂലം പൊറുതിമുട്ടിയ അഞ്ച് ആദിവാസി കുടുംബങ്ങള്‍ കാടാശ്ശേരിയില്‍ അഭയാര്‍ഥികളായി എത്തിയിട്ട് മൂന്നുമാസം കഴിഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഷെഡിലാണിവര്‍ കഴിയുന്നത്. മൂപ്പൈനാട് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് നിലമ്പൂര്‍ വനമേഖലയോട് ചേര്‍ന്നുള്ള പരപ്പന്‍പാറ കോളനി. 13 കുടിലുകളിലായി 54 അംഗങ്ങളാണ് കോളനിയിലുള്ളത്. വടുവഞ്ചാലില്‍നിന്ന് എട്ട് കി.മീറ്റര്‍ ദൂരം പിന്നിട്ട് ഉള്‍വനത്തിലാണ് കോളനി. ഇവരില്‍ പലര്‍ക്കും റേഷന്‍ കാര്‍ഡില്ല. കുട്ടികളെ സ്കൂളിലയക്കാന്‍ നിവൃത്തിയില്ല. രോഗം വന്നാല്‍ ചികിത്സിക്കാനും സൗകര്യമില്ല. ഇപ്പോള്‍ വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമായി. വടുവഞ്ചാല്‍, കാടാശ്ശേരി, കടച്ചിക്കുന്ന് ഭാഗത്തെവിടെയെങ്കിലും സ്ഥലവും വീടും അനുവദിച്ചുകിട്ടിയാല്‍ താമസം മാറാന്‍ തയാറാണെന്ന് കാടാശ്ശേരിയിലത്തെിയ കരിയന്‍, ചെല്ലന്‍, രഘു, സുരേഷ്, ശങ്കരന്‍ എന്നിവരും കുടുംബാംഗങ്ങളും പറയുന്നു. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണിപ്പോള്‍ ആവശ്യമുയര്‍ന്നിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.