തെരുവുനായ ശല്യം: വന്ധ്യംകരണം അടുത്തമാസം മുതല്‍

കല്‍പറ്റ: ജില്ലയില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരമായി നായ്ക്കള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്ന പദ്ധതി അടുത്തമാസം മുതല്‍ നടപ്പാക്കും. ജില്ലാപഞ്ചായത്ത് നേതൃത്വത്തിലാണിത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്തിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസംഘം കഴിഞ്ഞ ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട് ഊട്ടിയിലെ ഡബ്ള്യു.വി.എസ്.ഐ.ടി.സി (വേള്‍ഡ് വൈഡ് വെറ്ററിനറി സര്‍വിസസ് ആന്‍ഡ് ഇന്‍റര്‍നാഷനല്‍ ട്രെയ്നിങ് സെന്‍റര്‍) സന്ദര്‍ശിച്ചിരുന്നു. ഫലപ്രദമായ പരിഹാരമാര്‍ഗം വന്ധ്യംകരണമാണെന്ന് ഐ.ടി.സി ക്ളിനിക്കല്‍ ഡയറക്ടര്‍ ഡോ. ഇലോന ഓട്ടര്‍ ദൗത്യസംഘത്തെ അറിയിച്ചു. എ.ബി.സി-എ.ആര്‍.വി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍-ആന്‍റി റാബീസ് വാക്സിനേഷന്‍) എന്നറിയപ്പെടുന്ന വന്ധ്യംകരണമാര്‍ഗമാണ് നിര്‍ദേശിച്ചിട്ടുള്ളത്. ജില്ലയില്‍ അടുത്ത മാസം പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ-ബ്ളോക് പഞ്ചായത്തുകളുടെ പദ്ധതി വിഹിതമായി 15 ലക്ഷം രൂപയാണ് പദ്ധതിക്ക് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. തെരുവുനായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ നഗരസഭകളില്‍നിന്നും പഞ്ചായത്തുകളില്‍നിന്നും നിരവധി പരാതികള്‍ ജില്ലാ ഭരണകൂടത്തിനും ജില്ലാ പഞ്ചായത്തിനും ദിനംപ്രതി കിട്ടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് വിദഗ്ധോപദേശം തേടാന്‍ ദൗത്യസംഘത്തെ നിയോഗിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍ തെരുവുനായ ശല്യം പരിഹരിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ടെങ്കിലും പദ്ധതി പ്രാവര്‍ത്തികമാക്കേണ്ടത് എങ്ങനെയാണെന്ന് തീരുമാനിച്ചിരുന്നില്ല. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഗീത, സീനിയര്‍ വെറ്ററിനറി സര്‍ജന്‍മാരായ ഡോ. പ്രദീപ്കുമാര്‍, ഡോ. റെജി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. മിനി, പഞ്ചായത്തംഗങ്ങളായ സലീം കേളോത്ത്, കെ.കെ. സുകുമാരന്‍, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. ദിലീപ് ഫല്‍ഗുണന്‍ എന്നിവരടങ്ങുന്ന സംഘത്തിന് ഐ.ടി.സി ക്ളിനിക്കല്‍ ഡയറക്ടര്‍ ഡോ. ഇലോന ഓട്ടര്‍, ഡോ. അശ്വിന്‍, ഡോ. ഇഷാന്‍, ഡോ. ശ്യാം എന്നിവരടങ്ങുന്ന വിദഗ്ധ സംഘം പദ്ധതി വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.