കാട്ടാനകളോടൊപ്പം സെല്‍ഫി വേണ്ട; പണി കിട്ടും

സുല്‍ത്താന്‍ ബത്തേരി: വന്യജീവികളെ കാണാനത്തെുന്ന വിനോദസഞ്ചാരികളുടെ വിവേകരഹിതമായ നിലപാടുകള്‍ അപകടങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വഴിയൊരുക്കുന്നു. കാട്ടാനകളോടൊപ്പം സെല്‍ഫിയെടുക്കാനുള്ള വ്യഗ്രതയില്‍ കഴിഞ്ഞദിവസങ്ങളില്‍ ബത്തേരി-പുല്‍പള്ളി സംസ്ഥാനപാതയില്‍ രണ്ടു വാഹനങ്ങളാണ് കാട്ടാനകള്‍ ആക്രമിച്ചത്. ഓട്ടോറിക്ഷയിലും കാറിലുമുണ്ടായിരുന്നവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബത്തേരി-മൈസൂരു പാതയിലെ വനമേഖലയിലും ഇത്തരം അനുഭവങ്ങള്‍ നിത്യസംഭവങ്ങളാണ്. വനമേഖലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ളെന്ന വിലക്ക് സ്ഥിരമായി ലംഘിക്കപ്പെടുന്നു. വന്യജീവികളെ കാണുമ്പോള്‍ വാഹനം നിര്‍ത്തി ഫോട്ടോയെടുക്കുന്നതും വിഡിയോയില്‍ പകര്‍ത്തുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കാമറയിലെ ഫ്ളാഷ് മിന്നുന്നതോടെ കാട്ടാനകള്‍ അക്രമാസക്തമാവുന്നത് പതിവാണ്. മണിക്കൂറുകളോളം ഇവ പാതയോരത്തുതന്നെ കലിപൂണ്ട് നിലയുറപ്പിക്കുന്നതിനാല്‍ പിന്നീട് വരുന്ന വാഹനങ്ങളും ആക്രമിക്കപ്പെടുന്നു. ദേശീയപാതയിലെ രാത്രിയാത്രാ നിരോധത്തെ ശക്തമായി പിന്തുണക്കുന്ന വനംവകുപ്പ് ഈ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാനൊ വന്യജീവികളുടെയും മനുഷ്യരുടെയും സുരക്ഷ ഉറപ്പാക്കാനൊ നടപടിയെടുക്കുന്നില്ല. വനമേഖലയില്‍ ജനസുരക്ഷക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്ന പൊലീസും ഇപ്പോള്‍ പട്രോളിങ് നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.