ആരോപണ പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസും ഘടകകക്ഷികളും

സുല്‍ത്താന്‍ ബത്തേരി: മുനിസിപ്പല്‍ ചെയര്‍മാന്‍ പദവി മുസ്ലിം ലീഗിന് ലഭിക്കുന്ന സാഹചര്യം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ലക്ഷങ്ങള്‍ മുടക്കി കേരളാ കോണ്‍ഗ്രസ് കൗണ്‍സിലറെ വലയിലാക്കി ഭരണം സി.പി.എമ്മിന് മറിച്ചുകൊടുത്തുവെന്ന് മുസ്ലിം ലീഗ്. കേരളാ കോണ്‍ഗ്രസ് ആരുടെയും വലയില്‍ കയറില്ളെന്നും കോണ്‍ഗ്രസിലെയും മുസ്ലിം ലീഗിലേയും അധികാരമോഹികളുടെ പാരവെപ്പാണ് മുനിസിപ്പാലിറ്റി ഭരണം സി.പി.എമ്മിന്‍െറ കൈകളിലത്തെിച്ചതെന്ന് കേരളാ കോണ്‍ഗ്രസ്. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല കോണ്‍ഗ്രസെന്നും യു.ഡി.എഫ് ഒരുമിച്ചുനിന്നാല്‍ ബത്തേരി ഇപ്പോഴും ഐക്യജനാധിപത്യ മുന്നണിയുടെ ഉരുക്കുകോട്ടയെന്ന് തെളിയിക്കാനാവുമെന്നും കോണ്‍ഗ്രസ്. മുസ്ലിം ലീഗും കോണ്‍ഗ്രസും ജനങ്ങളോട് പരസ്യമായി മാപ്പുപറയണമെന്നും തെറ്റുതിരുത്താന്‍ തയാറാവണമെന്നും കേരളാ കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടപ്പോള്‍, യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും നയം തിരുത്തണമെന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. മുനിസിപ്പാലിറ്റി ഭരണം സി.പി.എമ്മിന് മറിച്ചുകൊടുത്ത് കച്ചവടം ഉറപ്പിച്ചത് മുന്‍ ഡി.സി.സി ട്രഷററും താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്കിന്‍െറ പ്രസിഡന്‍റുമായ കെ.കെ. ഗോപിനാഥനാണെന്നും സംഭവത്തില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു. ഗ്രാമവികസന ബാങ്ക് ഭരണസമിതിക്കെതിരെയും നിശിതമായ ആരോപണങ്ങളുന്നയിച്ച മുസ്ലിം ലീഗ് വിജിലന്‍സ് അന്വേഷണവും ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 35ല്‍ 21 സീറ്റും പിടിച്ചുവാങ്ങി മത്സരിച്ച് 13ലും ദയനീയ പരാജയമേറ്റുവാങ്ങിയ കോണ്‍ഗ്രസാവട്ടെ സ്വന്തം ഘടകകക്ഷികളുടെ ആക്രമണത്തില്‍ പരിഭ്രാന്തരാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്. വയനാട്ടിലെ മൂന്നു മണ്ഡലങ്ങളില്‍, ബത്തേരിയിലും മാനന്തവാടിയിലും കോണ്‍ഗ്രസാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥിരമായി മത്സരിക്കുന്നത്. കല്‍പറ്റ മണ്ഡലം കഴിഞ്ഞതവണ ജനതാദള്‍-യുവിന് വിട്ടുകൊടുത്തു. അസംബ്ളി തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ കോണ്‍ഗ്രസിന് ഘടകകക്ഷികളെ ഒപ്പംനിര്‍ത്തിയേ മതിയാവൂ. ഇതിനിടയിലാണ് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള വിഴുപ്പലക്കല്‍. ഘടകകക്ഷികളെക്കാള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഭയപ്പെടുത്തുന്നത് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവന്ന ചേരിതിരിവുകളാണ്. ഘടകകക്ഷികളെ കോണ്‍ഗ്രസിനെതിരെ തിരിക്കുന്നതില്‍ പാര്‍ട്ടിനേതാക്കള്‍ വരെയുണ്ട്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് ഒന്നരമാസത്തോളം പൂട്ടിയിടേണ്ടിവന്നു. മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് കുന്നത്ത് അഷ്റഫ് ഓഫിസിനുള്ളില്‍ നടത്തിയ നിരാഹാരസമരവും വിവാദമായി. മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലെ ദയനീയപരാജയത്തിന് കാരണക്കാരായ നേതാക്കള്‍ക്കെതിരെ ഗ്രൂപ് ഭേദമന്യേയാണ് അണികള്‍ തിരിഞ്ഞത്. പോഷകവിഭാഗങ്ങളും ഇതിനെ പിന്തുണച്ചു. മുനിസിപ്പാലിറ്റി ഭരണം നഷ്ടപ്പെടുത്തിയത് കോണ്‍ഗ്രസിലെ പ്രശ്നങ്ങളാണെന്ന് എല്ലാവരും സമ്മതിക്കുമ്പോഴും എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഇപ്പോഴും തമ്മിലടി തുടരുന്ന കോണ്‍ഗ്രസ് നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കുമ്പോള്‍ യു.ഡി.എഫിലെയും കോണ്‍ഗ്രസിലെയും പ്രശ്നങ്ങള്‍ ഇടതുമുന്നണിക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.