തിരുനെല്ലി: തിരുനെല്ലി ക്ഷേത്രത്തിലെ സെക്യൂരിറ്റി നിയമനവുമായി ബന്ധപ്പെട്ടും ക്ഷേത്ര വികസനത്തിനായി അനുവദിച്ച 40 കോടി 91 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളിലും വന്‍ അഴിമതി നടത്തിയെന്നാരോപിച്ച് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ക്കെതിരെ പോസ്റ്റര്‍. ക്ഷേത്രത്തിലെ മൂന്ന് സെക്യൂരിറ്റിയുടെ ഒഴിവിലേക്കായി ഓരോ ഒഴിവിനും നാലുലക്ഷം രൂപ എക്സിക്യൂട്ടിവ് ഓഫിസറായ ടി.വി. വിനോദന്‍ കോഴവാങ്ങിയെന്നാണ് പോസ്റ്ററിലുള്ളത്. തിരുനെല്ലി ക്ഷേത്രം പരിസരങ്ങളിലും കാട്ടിക്കുളം, അപ്പപ്പാറ, തോല്‍പ്പെട്ടി എന്നിവിടങ്ങളിലുമാണ് വിനോദിനെതിരെ പോസ്റ്ററുള്ളത്. ക്ഷേത്രം ചുറ്റുമതില്‍ നിര്‍മാണം, ഡോര്‍മെറ്ററി, പഞ്ചതീര്‍ഥ കുളം, പാര്‍ക്കിങ് ഗ്രൗണ്ട്, ചുറ്റമ്പല നിര്‍മാണം, ക്ഷേത്രാങ്കണത്തില്‍ കല്ല് പതിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയതായും പോസ്റ്ററില്‍ പറയുന്നു. സെക്യൂരിറ്റി നിയമനം എക്സിക്യൂട്ടിവ് ഓഫിസര്‍ക്ക് വേണ്ടിയാണെന്നും ക്ഷേത്രത്തെ കുടുംബസ്വത്താക്കി മാറ്റാന്‍ ശ്രമിക്കുന്ന വിനോദിനെ പുറത്താക്കണമെന്നും പ്രദേശവാസികളെ ഒഴിവാക്കി മലപ്പുറം സ്വദേശിയെ നിയമിച്ചത് കോഴവാങ്ങിയാണെന്നും പോസ്റ്ററിലുണ്ട്. അതേസമയം, 2014ല്‍ പത്രപരസ്യം നല്‍കി സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ സ്ഥിരനിയമനം വേണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്‍െറ തീരുമാനമെന്നും പകരം ദേവസ്വം ട്രസ്റ്റ് ബോര്‍ഡ് കൂടി താല്‍ക്കാലിക ജീവനക്കാരെ എടുക്കാമെന്ന വ്യവസ്ഥയിലാണ് അഞ്ച് ജീവനക്കാരെ എടുത്തതെന്നും വിനോദന്‍ പറഞ്ഞു. ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര വിശ്വാസികള്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്ത തെറ്റ് ചെയ്തതിന്‍െറ അടിസ്ഥാനത്തില്‍ മൂന്ന് ജീവനക്കാരെ പുറത്താക്കിയതിന്‍െറ വൈരാഗ്യമാണ് തനിക്കെതിരെ പതിച്ച പോസ്റ്ററുകളെന്നും വിനോദന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.