സ്ത്രീക്ക് സ്ഥിരനിയമനം നല്‍കാത്തതിനെതിരെ മനുഷ്യാവകാശ കമീഷന്‍

കല്‍പറ്റ: സര്‍ക്കാര്‍ ഓഫിസിലെ രേഖകള്‍ ചിതലരിച്ചു പോയതിനാല്‍ ജോലി സ്ഥിരപ്പെടുത്തി കിട്ടാത്ത സി.എല്‍.ആര്‍ ജീവനക്കാരിയുടെ കാര്യത്തില്‍ രണ്ടു മാസത്തിനുള്ളില്‍ വിവേചനരഹിതവും മാനുഷികവുമായ തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ ഓഫിസില്‍ രേഖകള്‍ ഇല്ലാത്തത് പരാതിക്കാരിയുടെ അയോഗ്യതയായി കണക്കാക്കാനാവില്ളെന്ന് കെ. മോഹന്‍കുമാര്‍ ചൂണ്ടിക്കാണിച്ചു.1980 മുതല്‍ തൃശൂര്‍ ചിമ്മിണി ഡാം പദ്ധതിയില്‍ സി.എല്‍.ആര്‍ വര്‍ക്കറായി ജോലി ചെയ്യുന്ന വയനാട് കാരാപ്പുഴ പത്തുകുടിയില്‍ എം. സുബൈദ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. സി.എല്‍.ആര്‍ ജോലിക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയപ്പോള്‍ സുബൈദയെ ഒഴിവാക്കിയെന്നാണ് പരാതി. ഒപ്പമുള്ളവര്‍ക്ക് സ്ഥിരനിയമനം ലഭിച്ചിട്ടും സുബൈദയെ സ്ഥിരപ്പെടുത്തിയില്ല. പരാതിയില്‍ കമീഷന്‍ ജലവിഭവ വകുപ്പ് സെക്രട്ടറിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. സുബൈദയുടെ നിയമനവുമായി ബന്ധപ്പെട്ട യഥാര്‍ഥ രേഖകള്‍ ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ (ഭരണം) ഓഫിസില്‍ ഇല്ലാത്തതു കാരണമാണ് ജോലി സ്ഥിരപ്പെടുത്താന്‍ കഴിയാത്തതെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി കമീഷനെ അറിയിച്ചു. രേഖകളില്‍ ചിലത് ചിതലരിച്ചു. അതേസമയം സുബൈദയുടെ കൈയില്‍ ചിമ്മിണിഡാം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ നല്‍കിയ ജോലിപരിചയ സര്‍ട്ടിഫിക്കറ്റുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ഉദ്യോഗസ്ഥര്‍ വിവേചനപരമായി നടപ്പാക്കിയെന്നും കമീഷന്‍ അനുമാനിച്ചു. 30 വര്‍ഷം പഴക്കമുള്ള പരാതി ഇനിയും പരിഹരിക്കാതിരിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തേണ്ടവരുടെ ലിസ്റ്റില്‍ പരാതിക്കാരിയെ ഉള്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.