സുല്‍ത്താന്‍ ബത്തേരി: താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ നിയമനങ്ങളില്‍ അഴിമതിയും ക്രമക്കേടും നടന്നുവെന്ന ആരോപണം ശരിവെച്ച് അന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍ നിയോഗിച്ച ഡെ. രജിസ്ട്രാര്‍ (ക്രെഡിറ്റ്), ഡെ. രജിസ്ട്രാര്‍ (ഇന്‍സ്പെക്ഷന്‍ സെല്‍) എന്നിവര്‍ അന്വേഷണം നടത്തി സംയുക്തമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആരോപണങ്ങള്‍ അടിവരയിട്ട് സ്ഥിരീകരിച്ചിട്ടുള്ളത്. ഏഴ് പരാതികളാണ് ബാങ്ക് ഭരണസമിതിക്കെതിരെ മുഖ്യമായും ഉന്നയിക്കപ്പെട്ടത്. ബാങ്കില്‍ കരാറടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുകയും പിന്നീട് നിയമവിരുദ്ധമായി നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു, ബാങ്കിന്‍െറ ധനസ്ഥിതി പരിഗണിക്കാതെ ആവശ്യമായതിലും തസ്തികകള്‍ ബാങ്കില്‍ അനുവദിച്ചു, ഈ നിയമനങ്ങളില്‍ ക്രമക്കേടുകള്‍ നടന്നു, ബാങ്കിന്‍െറ ഓഫിസ് കെട്ടിടം മാറ്റുന്നതില്‍ ക്രമക്കേട്, മാനദണ്ഡങ്ങള്‍ മറികടന്ന് തെരഞ്ഞെടുപ്പില്ലാതെ ഭരണസമിതിയില്‍ ഒരാളെ തിരുകിക്കയറ്റി നിര്‍ദിഷ്ട യോഗ്യതയില്ലാത്ത വ്യക്തി ഓണററി സെക്രട്ടറിയായി, സെക്രട്ടറി നിയമനം നടത്തിയില്ല തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. നിയമനത്തില്‍ നടന്ന ക്രമക്കേടിനെ സ്ഥിരീകരിക്കുന്ന നിരവധി തെളിവുകള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമനങ്ങള്‍ക്ക് യഥാവിധി സഹ. സംഘം രജിസ്ട്രാറുടെ അനുമതിവാങ്ങിയിട്ടില്ല. കരാറടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ ജോയന്‍റ് രജിസ്ട്രാറുടെ അനുമതിയുണ്ടെന്ന ഭരണസമിതിയുടെ വാദം അന്വേഷണ കമീഷന്‍ തള്ളി. സഹ. സംഘം ചട്ടം 185 എ പ്രകാരം ഇത് ജോ. രജിസ്ട്രാറുടെ പരിധിയില്‍വരുന്നതല്ളെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ജൂനിയര്‍ ക്ളാര്‍ക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികകളിലെ നിയമനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. സ്റ്റേറ്റ് എക്സാമിനേഷന്‍ ബോര്‍ഡ് എഴുത്തുപരീക്ഷ നടത്തിയും ഭരണസമിതി കൂടിക്കാഴ്ച നടത്തിയും തയാറാക്കുന്ന മെറിറ്റ് ലിസ്റ്റില്‍നിന്നും നിയമനം നടത്തണമെന്ന നിയമം പാലിച്ചില്ല. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് സഹകരണചട്ടം 181 പ്രകാരം സംസ്ഥാന സര്‍ക്കാറിന്‍െറ പ്രത്യേക അധികാരമുപയോഗപ്പെടുത്തി ഇളവ് നേടാനും സമിതി തയാറായില്ല. സഹകരണസംഘം രജിസ്ട്രാറുടെ നിയമന ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് അന്നത്തെ ജോ. രജിസ്ട്രാറില്‍നിന്നും അനുകൂല ഉത്തരവ് സമ്പാദിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 2014 ജൂണ്‍ 20ന് ജോ. രജിസ്ട്രാര്‍ ഉത്തരവ് നല്‍കുമ്പോള്‍ 2014 ഫെബ്രുവരി 26ലെ നിയമന നിരോധ ഉത്തരവ് പ്രാബല്യത്തിലുണ്ടായിരുന്നു. ഹൈകോടതി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് നിയമനം നടത്തിയതെന്ന ബാങ്ക് പ്രസിഡന്‍റ് കെ.കെ. ഗോപിനാഥന്‍െറ വാദം അന്വേഷണ റിപ്പോര്‍ട്ട് തള്ളി. നിയമനം സ്ഥിരപ്പെടുത്താനുള്ള ജീവനക്കാരുടെ വാദത്തിന് ഭരണ സമിതി ഒത്താശചെയ്യുകയായിരുന്നുവെന്ന് കണ്ടത്തെി. സ്റ്റാഫ് പാറ്റേണിന്‍െറ കാര്യത്തിലും ക്രമക്കേട് നടന്നു. ക്ളാസ് വണ്‍ വിഭാഗത്തില്‍പെട്ട പ്രാഥമിക സഹ. കാര്‍ഷിക വികസന ബാങ്കിന് 11 തസ്തികകളാണ് പരമാവധി അനുവദിക്കാവുന്നത്. ഇവിടെയാണ് 29 തസ്തികകള്‍ അനുവദിച്ചത്. 2013-14ല്‍ 3.66 കോടി രൂപയും 2014-15ല്‍ 4.66 കോടിയും നഷ്ടത്തിലാണ് ബാങ്ക് പ്രവര്‍ത്തിച്ചത്. ബാങ്കിന്‍െറ ഏകവരുമാനം വായ്പകള്‍ക്കുള്ള പലിശയില്‍നിന്ന് ലഭിക്കുന്ന രണ്ടുശതമാനം കമീഷന്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന ശിപാര്‍ശയോടെയാണ് ഡെ. രജിസ്ട്രാര്‍മാരായ ബി. സാഗര്‍ലാലും കെ.വി. പ്രശോഭനും രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.