മോട്ടോര്‍ വാഹന വകുപ്പില്‍ നേത്രപരിശോധകരെ നിയമിക്കണമെന്ന ഉത്തരവ് നടപ്പായില്ല

മാനന്തവാടി: ഉത്തരവിറങ്ങി ഏഴുമാസം പിന്നിട്ടിട്ടും മോട്ടോര്‍ വാഹന വകുപ്പിലെ സബ് റീജനല്‍ ഓഫിസുകളില്‍ നേത്രപരിശോധകരെ നിയമിക്കാനുള്ള നടപടി എങ്ങുമത്തെിയില്ല. വ്യാജ നേത്ര പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ലൈസന്‍സ് നേടുന്നത് തടയാനാണ് 27.5.15ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ഉത്തരവിറക്കിയത്. അതാത് ജോയന്‍റ് ആര്‍.ടി.ഒമാര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് നേത്രപരിശോധകരുടെ പട്ടിക തയാറാക്കി അവരുടെ സമ്മതപത്രം പാനല്‍ തയാറാക്കി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതിനുള്ള സൗകര്യം ഓഫിസ് മേധാവികള്‍ ഒരുക്കണം. എന്നാല്‍, ഐ.എം.എ ഭാരവാഹികളുമായി ചര്‍ച്ച നടത്താന്‍പോലും ജോയന്‍റ് ആര്‍.ടി.ഒമാര്‍ തയാറായിട്ടില്ല. നിലവില്‍ അപേക്ഷകര്‍തന്നെ പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ, ഏജന്‍റുമാര്‍ മുഖേന നല്‍കുകയോ ആണ് ചെയ്യുന്നത്. ഇതിന് 250 രൂപ മുതല്‍ 500 രൂപ വരെ അപേക്ഷകന്‍ ചെലവഴിക്കേണ്ടിവരുന്നുണ്ട്. ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉന്നതരുടെ നീക്കം. എന്നാല്‍, ഏജന്‍റുമാരുമായുള്ള ഒത്തുകളിയുടെ ഭാഗമായി താഴെതട്ടിലുള്ള ഉദ്യോഗസ്ഥര്‍ സദുദ്ദേശ്യത്തോടെയുള്ള ഉത്തരവ് അട്ടിമറിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.