സംസ്ഥാന സര്‍ഗോത്സവത്തിന് ഗംഭീര തുടക്കം

കണിയാമ്പറ്റ: കണിയാമ്പറ്റ ചിത്രമൂലയില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായുള്ള മൂന്നാമത് സംസ്ഥാന സര്‍ഗോത്സവത്തിന് ഗംഭീരതുടക്കം. പട്ടികവര്‍ഗ യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഗോത്രജീവിത മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തനതുകലകള്‍ ഇളം തലമുറകളുടെ ജീവിതത്തെ സര്‍ഗാത്മകമാക്കുന്നുവെന്നും ഇതിനുള്ള വേദി കണ്ടത്തൊന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിന്‍െറ താഴെക്കിടയിലുള്ള ജീവിതസാഹചര്യത്തില്‍ കലാവേദികളില്‍ കൂടുതലായി അവസരം ലഭിക്കാത്ത ആദിവാസി കുട്ടികള്‍ക്ക് അവരുടെ കലാപരിപോഷണത്തിനായുള്ള വേദിയാണ് സര്‍ഗോത്സവം. ഗോത്രകലകള്‍ ഒരു മത്സര ഇനമായത് ഈ കലകളുടെ പരിപോഷണത്തിന് ഉതകും. വരുംതലമുറക്കായി ഗോത്രകലകള്‍ കൈമാറാനും കുട്ടികള്‍ക്ക് അറിവുകൈമാറാനും സര്‍ഗോത്സവത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന കായിക മേളയില്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണമെഡല്‍ നേടിയ കെ. ഷണ്‍മുഖനെയും എം.ബി.ബി.എസ് വിദ്യാര്‍ഥികളായ ഐശ്വര്യയെയും അനൂപിനെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടി ടീച്ചര്‍, പനമരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലീപ് കുമാര്‍, കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ്, കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്,കടവന്‍ ഹംസ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ഉഷാ വിജയന്‍, കെ. തങ്കമണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ. ദേവകി, കെ. മിനി, അനില തോമസ്, പി. ഇസ്മയില്‍, ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ പൊലീസ് മേധാവി എം.കെ.പുഷ്കരന്‍, പള്ളിയറ രാമന്‍ , സി.ഡബ്ള്യു.സി ചെയര്‍മാന്‍ ഫാ.തോമസ് ജോസഫ് തേരകം, കെ.എം. ഫൈസല്‍, കെ. സ്റ്റാന്‍ലി എന്നിവര്‍ സംസാരിച്ചു. പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ.പി. പുകഴേന്തി സ്വാഗതവും ജോയന്‍റ് ഡയറക്ടര്‍ എം. അരുണഗിരി നന്ദിയും പറഞ്ഞു. വകുപ്പിനു കീഴില്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 18 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലെയും സംസ്ഥാനത്തെ 107 പ്രീ-മെട്രിക് ഹോസ്റ്റലുകളിലെയുമടക്കം 1000ത്തോളം വിദ്യാര്‍ഥികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നത്. അഞ്ച് വേദികളിലായാണ് മത്സരങ്ങള്‍. ജനുവരി നാലിന് സമാപനമാകും. സര്‍ഗോത്സവ വിളംബര ഘോഷയാത്ര ഏറെ ശ്രദ്ധേയമായി. കമ്പളക്കാട് പെട്രോള്‍ പമ്പ് പരിസരത്തു നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്രയില്‍ അമ്പും വില്ലുമേന്തിയ പടയാളികളുടെ അകമ്പടിയില്‍ പഴശ്ശിരാജയും തലക്കല്‍ ചന്തുവും ഇടച്ചന കുങ്കനും വേഷപ്പകര്‍ച്ചയിലത്തെി. ആദിവാസി വിഭാഗക്കാരുടെ ആഘോഷങ്ങളെ ഉത്സവ ലഹരിയിലാക്കുന്ന തുടിവാദ്യവും യുവതലമുറയില്‍നിന്ന് അന്യംനിന്നു പോകുന്ന ആദിവാസി നൃത്തവും മിഴിവേകി. ചെണ്ടമേളവും വിദ്യാര്‍ഥികളുടെ ബാന്‍ഡ് മേളവും ഉണ്ടായിരുന്നു. കോല്‍ക്കളി, തെയ്യം, അമ്മന്‍കുടം, പൂക്കാവടി, കാവടിയാട്ടം എന്നിവയും ഉണ്ടായിരുന്നു. വിദ്യാഭ്യാസം വിമോചനത്തിന്‍െറ താക്കോലാണ് എന്ന സന്ദേശം ജനങ്ങളിലത്തെിക്കുന്നതിന് വിദ്യാര്‍ഥികള്‍ ഒരുക്കിയ ഫ്ളോട്ട് മേളനഗരിയിലത്തെിയവര്‍ക്കും കാണികള്‍ക്കും മുഖ്യാകര്‍ഷണമായി. ഗോത്ര ബാല്യങ്ങളുടെ വൈവിധ്യപൂര്‍ണവും വര്‍ണശബളവുമായ കലാവിരുന്നിന് മുന്നോടിയായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരും എസ്.പി.സി വിദ്യാര്‍ഥികളും സാംസ്കാരിക ഘോഷയാത്രയില്‍ അണിനിരന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.