നാടിനെ വെടിപ്പാക്കാന്‍ ശുചിത്വമേളയും ശില്‍പശാലയും

കല്‍പറ്റ: വരുംതലമുറക്കായി ശുചിത്വപാഠങ്ങള്‍ ശീലിക്കാനും വിദ്യാര്‍ഥികളുടെ സഹകരണം ഉറപ്പുവരുത്തി ശുചിത്വപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം സമൂഹത്തെ അറിയിക്കുന്നതിനും ശുചിത്വമിഷന്‍െറ ആഭിമുഖ്യത്തില്‍ ജില്ലാതല ശുചിത്വമേളയും ഏകദിന ശില്‍പശാലയും സംഘടിപ്പിച്ചു. എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തെറ്റായ ജീവിതശൈലിയും ഉപഭോഗസംസ്കാരത്തിന്‍െറ വളര്‍ച്ചയും കാരണം മാലിന്യം ക്രമാതീതമായി വര്‍ധിക്കുന്നു. വിദ്യാര്‍ഥികളില്‍ ഇതിനെതിരെ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്വച്ഛ് ഭാരത് മിഷന്‍െറയും ജില്ലാ ഭരണകൂടത്തിന്‍െറയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളിലെ എന്‍.എസ്.എസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ്സ്, എസ്.എസ്.എ, ബഡ്സ് സ്കൂള്‍ തുടങ്ങിയ യൂനിറ്റുകളുടെ സഹായത്തോടെയാണ് സന്ദേശം എത്തിക്കുക. അഞ്ച് ഘട്ടങ്ങളിലായി നടന്ന ശുചിത്വ സന്ദേശങ്ങള്‍ ഏകോപിപ്പിച്ചാണ് ജില്ലാതല ശുചിത്വമേള ഒരുക്കിയത്. മേളയില്‍ 30 ഓളം സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ പ്രദര്‍ശനശാല ശ്രദ്ധിക്കപ്പെട്ടു. പ്ളാസ്റ്റിക് കവറുകള്‍, കുപ്പികള്‍, മിഠായി കടലാസുകള്‍, മറ്റ് പാഴ്വസ്തുക്കള്‍ എന്നിവകൊണ്ടുള്ള അലങ്കാരവസ്തുക്കളുടെ നിര്‍മാണം ശ്രദ്ധേയമായി. ഉപയോഗശൂന്യമായ പേനകൊണ്ട് ഇന്ത്യന്‍ ഭൂപടവും കുട്ടികള്‍ ഉണ്ടാക്കി. പ്രകൃതി സംരക്ഷണം ഭാവിതലമുറക്ക്-നമ്മുടെ ഉത്തരവാദിത്തം, മാലിന്യ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്നീ വിഷയങ്ങളില്‍ ശിവപ്രസാദ്, സാജിയോ ജോസഫ് എന്നിവര്‍ ക്ളാസെടുത്തു. യു.കെ.ജി വിദ്യാര്‍ഥി ചാരുത ശുചിത്വദിന സന്ദേശം നല്‍കി. പരിപാടിയില്‍ മാതൃകാ കര്‍ഷകന്‍ ചെറുവയല്‍ രാമന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ അബ്രഹാം ബന്‍ഹര്‍, മികച്ച വിദ്യാര്‍ഥി കര്‍ഷകന്‍ ആഷിക്, അധ്യാപകന്‍ ഷാജി എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ദേവകി അധ്യക്ഷത വഹിച്ചു. കല്‍പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ്, വൈസ് ചെയര്‍മാന്‍ എ.പി. ഹമീദ്, പി.ജി. വിജയകുമാര്‍, എം.ടി. മാളുക്കുട്ടി, പി.സി. മജീദ്, അസി. കോഓഡിനേറ്റര്‍ കെ. രജീഷ,് ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫിസര്‍ കെ. അനൂപ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.