കാഞ്ഞിരത്തിനാല്‍ ഭൂമി: അണിയറയില്‍ അനുനയ തന്ത്രം

കല്‍പറ്റ: കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറ ഭൂമി അന്യായമായി വനംവകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ വസ്തുത മൂടിവെക്കാന്‍ സര്‍ക്കാര്‍ ശ്രമം. കാഞ്ഞിരങ്ങാട് വില്ളേജിലെ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറ വനംവകുപ്പ് പിടിച്ചെടുത്ത 12 ഏക്കര്‍ ഭൂമി തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജിന്‍െറ മകള്‍ ട്രീസയും ഭര്‍ത്താവ് ജയിംസും കലക്ടറേറ്റ് പടിക്കല്‍ സമരം തുടരുകയാണ്. സമരത്തിന് പൊതുജന പിന്തുണ ഏറുമ്പോള്‍ അനുനയ ശ്രമവുമായാണ് അധികൃതര്‍ രംഗത്തത്തെിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ക്ക് എതിരായാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലെ വിവരങ്ങള്‍. പാക്കേജിലൂടെ കുടുംബാംഗങ്ങളെ അനുനയിപ്പിച്ച് യഥാര്‍ഥ വസ്തുത മൂടിവെക്കാന്‍ ശ്രമമെന്ന ആരോപണം ശക്തമായി. അഭിഭാഷക കമീഷനെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍നിന്നുള്ള പിന്നോട്ടുപോക്കാണ് ഇപ്പോള്‍ നടക്കുന്നത്. ഭൂമി പിടിച്ചെടുത്തതില്‍ വനംവകുപ്പ് കള്ളക്കളികള്‍ നടത്തിയെന്നതിന് ഈ കുടുംബത്തിന്‍െറ പക്കല്‍ നിരവധി രേഖകളുണ്ട്. വനം, റവന്യൂ വകുപ്പുകളുടെ വിവിധ രേഖകള്‍ തന്നെ കള്ളക്കളികളിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ യഥാര്‍ഥ വസ്തുത പുറത്തായാല്‍ സര്‍വിസില്‍നിന്ന് വിരമിച്ചവരടക്കം ഒട്ടേറെ ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്നുകണ്ട് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് പകരം ഭൂമിയും ലക്ഷങ്ങളും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്ത് സമരം അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഭൂമി വിഷയത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു വേണ്ടി സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചാലും വിധി അനുകൂലമാകണമെന്നില്ളെന്നും അഥവാ വിധി അനുകൂലമായാല്‍ മറ്റാരെങ്കിലും വീണ്ടും കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞാണ് പാക്കേജുമായി സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുന്നത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഭൂമി തിരിച്ചുനല്‍കിക്കൊണ്ട് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവായിരുന്നു. അന്ന്, പാലക്കാടുള്ള പരിസ്ഥിതി സംഘടനയായ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് ഹൈകോടതിയില്‍നിന്ന് സ്റ്റേ സമ്പാദിക്കുകയായിരുന്നു. ജയിംസും കുടുംബവും കലക്ടറേറ്റ് പടിക്കല്‍ സമരമാരംഭിച്ചതോടെ വയനാട് പ്രസ്ക്ളബിന്‍െറ അക്കാദമിക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കക്ഷികളെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തി. ഇതോടെയാണ് പ്രശ്നം വീണ്ടും സജീവമായത്. ഈ സാഹചര്യത്തില്‍ 2015 നവംബര്‍ 30ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്‍െറ ആവശ്യം ന്യായമാണെന്നും ഇനിയും അവരെ ദ്രോഹിക്കുന്നത് ശരിയല്ളെന്നും മുഖ്യമന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ജനവികാരവും കൂടി പരിഗണിച്ച് ഭൂമി സംബന്ധിച്ച കേസുകള്‍ പഠിച്ച് കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ ഹാജരായി ഭൂമി തിരിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി അഡ്വക്കറ്റ് ജനറലിന്‍െറ അഭിപ്രായം തേടണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ഭൂമി പിടിച്ചെടുത്തതു സംബന്ധിച്ച് മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അന്ന് വനംവകുപ്പ് പ്രതിനിധികള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ചര്‍ച്ചയെ തുടര്‍ന്ന് ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി അഡ്വക്കറ്റ് ജനറലിന്‍െറ നിയമോപദേശം തേടി കത്തയച്ചു. ഇതിനു പിന്നാലെ വയനാട് ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് കല്‍പറ്റയില്‍ സര്‍വകക്ഷിയോഗം വിളിക്കുകയും ചെയ്തു. പാക്കേജല്ല തങ്ങള്‍ക്കു വേണ്ടതെന്നും വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി മാത്രം തിരിച്ചുകിട്ടിയാല്‍ മതിയെന്നും അന്ന് ജയിംസ് യോഗത്തില്‍ ധരിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് കോടതിയിലുള്ള കേസില്‍ താമസംവിനാ ഇടപെടാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താമെന്നും ഭൂമി സംബന്ധിച്ച കേസില്‍ അഭിഭാഷക കമീഷനെ നിയോഗിക്കാന്‍ ശിപാര്‍ശ ചെയ്യാമെന്നും കലക്ടര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് മുന്‍ തീരുമാനങ്ങളെല്ലാം അട്ടിമറിച്ചത്. ഇതിനു പിന്നില്‍ ഉദ്യോഗസ്ഥതലത്തില്‍ ഇടപെടലുകള്‍ നടന്നുവെന്നാണ് ആരോപണമുള്ളത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്‍െറ ഭൂമി വനംവകുപ്പ് പിടിച്ചെടുത്തതിനെക്കുറിച്ച് അഭിഭാഷക കമീഷന്‍ അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരുമെന്ന ഭീതി ഉദ്യോഗസ്ഥരിലുണ്ട്. യഥാര്‍ഥത്തില്‍ വനഭൂമിയായി വിജ്ഞാപനം ചെയ്യപ്പെട്ട സ്ഥലത്തിനു പകരം തെറ്റായിട്ടാണ് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറ ഭൂമി പിടിച്ചെടുത്തതെന്നാണ് മുന്‍ ജില്ലാ കലക്ടര്‍ പി.പി. ഗോപി വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍ക്കാറിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവിധ വകുപ്പുകളടങ്ങിയ സംയുക്ത പരിശോധനാ റിപ്പോര്‍ട്ടിലും മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‍െറ റിപ്പോര്‍ട്ടിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞമാസം വിവരാവകാശ നിയമപ്രകാരം ജയിംസ് വനംവകുപ്പില്‍നിന്ന് സമ്പാദിച്ച മറുപടിയില്‍ പറയുന്നതാകട്ടെ, വനഭൂമിയായി വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയുടെ അതിരുകള്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ വനംവകുപ്പില്‍ ഇല്ളെന്നാണ്. അഭിഭാഷക കമീഷനെ നിയോഗിച്ചാല്‍ ഇത്തരം പാളിച്ചകള്‍ പുറത്തുവരുമെന്ന ആശങ്ക വനംവകുപ്പിനുണ്ട്. അതേസമയം, അന്യായമായി തങ്ങളുടെ മാതാപിതാക്കളില്‍നിന്ന് വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി തിരിച്ചുകിട്ടുന്നതുവരെ സമരം തുടരുമെന്ന് ജയിംസ് പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.