രണ്ടേക്കര്‍ വരെയുള്ള ഭൂമിക്ക് ഉപാധികളില്ലാതെ നികുതി സ്വീകരിക്കും

കല്‍പറ്റ: വൈത്തിരി താലൂക്കിലെ തൃക്കൈപ്പറ്റ, മൂപ്പൈനാട്, വെള്ളരിമല, ചുണ്ടേല്‍, അച്ചൂരാനം വില്ളേജുകളില്‍ രണ്ടേക്കര്‍ വരെയുള്ള ഭൂമിക്ക് ഉപാധികളില്ലാതെ നികുതി സ്വീകരിക്കാനും എച്ച്.എം.എല്‍ കേസ് തീരുമാനമായാല്‍ കൈവശരേഖയുള്ളവരുടെ മുഴുവന്‍ ഭൂമിക്കും നികുതി സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ മന്ത്രിമാരായ പി.കെ. ജയലക്ഷ്മി, അടൂര്‍ പ്രകാശ്, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 1977ന് മുമ്പ് കൈവശാവകാശ രേഖയുള്ള ഭൂമിയില്‍ റവന്യൂ-വനം വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറിനെ യോഗം ചുമതലപ്പെടുത്തി. തൃക്കൈപ്പറ്റ വില്ളേജില്‍ ജോയന്‍റ് സര്‍വേ കഴിഞ്ഞ കേസുകളില്‍ പട്ടയം അനുവദിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ഫയര്‍ലാന്‍ഡ് കോളനിയിലെ മുഴുവന്‍ കൈവശങ്ങള്‍ക്കും പട്ടയം നല്‍കും. കൈവശക്കാരുടെ വരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ പതിവ് നല്‍കാനും പതിവ് നല്‍കുമ്പോള്‍ ഈടാക്കേണ്ട തുക സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സീ കുന്ന് കോളനിക്കാരുള്‍പ്പെടെ 84 പേരുടെ പട്ടയ പ്രശ്നത്തില്‍ 10 സെന്‍റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് ജില്ലാതലത്തില്‍ പട്ടയം നല്‍കാനും 10 സെന്‍റില്‍ കൂടുതല്‍ ഭൂമി കൈവശം വെക്കുന്നവര്‍ക്ക് മുനിസിപ്പാലിറ്റി നിലവില്‍ വരുന്നതിനുമുമ്പ് ഭൂപതിവ് കമ്മിറ്റി പാസാക്കിയ കേസ് എന്ന പരിഗണന നല്‍കി സൗജന്യനിരക്കില്‍ പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കും. ഇരുളം മിച്ചഭൂമിയിലെ കൈവശക്കാരായ 133 കുടുംബങ്ങള്‍ക്ക് പുന$പതിവ് നല്‍കുന്നതിന്‍െറ ഭാഗമായി ഭൂമി കൈവശം വെക്കാത്തവരുടെയും പതിവ് റദ്ദുചെയ്ത് പുന$പതിവ് നടത്തും. നിക്ഷിപ്ത വനമായി വിജ്ഞാപനം ചെയ്ത ഭൂമിയിലെ 1977 ജനുവരി ഒന്നിന് മുമ്പുള്ള കൈവശക്കാര്‍ക്ക് വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കി പട്ടയം നല്‍കുന്നതിനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഹാഡ വൈസ് ചെയര്‍മാന്‍ എന്‍.ഡി. അപ്പച്ചന്‍, പട്ടികവര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ്മത്തേ, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, വനം-റവന്യൂ വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.