പനമരം: ജില്ലയിലെ മൂന്നു നിയോജക മണ്ഡലങ്ങളിലും ഉള്‍പ്പെടുന്ന പ്രദേശമെന്ന വിശേഷണം ഇത്തവണയും നടവയലിന് സ്വന്തം. വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ഥികളും നടവയലില്‍ എത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പൂതാടി, പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മേഖലയാണ് നടവയല്‍. പൂതാടി പഞ്ചായത്ത് സുല്‍ത്താന്‍ ബത്തേരിയിലും പനമരം മാനന്തവാടിയിലും കണിയാമ്പറ്റ കല്‍പറ്റ മണ്ഡലത്തിലുമാണ് ഉള്‍പ്പെടുന്നത്. ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് മിക്കപ്പോഴും ഭൂരിപക്ഷം നേടുമ്പോള്‍ അതില്‍ നടവയലിന്‍െറ സംഭാവന ഏറെയാണ്. ഈ സാഹചര്യം മനസ്സിലാക്കി ഇടതുപക്ഷം നടവയല്‍ കേന്ദ്രീകരിച്ച് ലോക്കല്‍ കമ്മറ്റിയും മറ്റും രൂപവത്കരിച്ച് ഇക്കുറി പ്രവര്‍ത്തനം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്. പുല്‍പള്ളി റോഡില്‍ നെയ്കുപ്പ മുതലും, പനമരം -ബത്തേരി റോഡില്‍ ചീങ്ങോട് മുതല്‍ കായക്കുന്ന് വരെയും ഉള്‍പ്പെടുന്നതാണ് നടവയല്‍ മേഖല. കുടിയേറ്റ കര്‍ഷകരാണ് ഇവിടെ ഭൂരിഭാഗവും. കണിയാമ്പറ്റ പഞ്ചായത്തില്‍പ്പെട്ട നെല്ലിയമ്പം ഭാഗത്ത് മാത്രമാണ് കുടിയേറ്റ കര്‍ഷകര്‍ കുറവുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പുതിയ പഞ്ചായത്ത് നീക്കം ഫലപ്രദമായിരുന്നെങ്കില്‍ നടവയല്‍ ഇത്തവണ ഏതെങ്കിലും ഒരു നിയോജക മണ്ഡലത്തിലേ ഉള്‍പ്പെടുമായിരുന്നുള്ളൂ. മേഖലയിലെ സകല വോട്ടര്‍മാരും ഇക്കാര്യത്തില്‍ നിരാശയിലാണ്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് രൂപവത്കരിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജനം സമരം നടത്തിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പഞ്ചായത്തുകളുടെ കൂട്ടത്തില്‍ നടവയലിന് പ്രാധാന്യം കൊടുത്തത്. ഐക്യമുന്നണിക്ക് മുന്‍തൂക്കമുള്ള പ്രദേശമാണെങ്കിലും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പനമരം ബ്ളോക്കിലേക്ക് ഇടത് സ്ഥാനാര്‍ഥിയെയാണ് നടവയല്‍ വിജയിപ്പിച്ചത്. വന്യമൃഗ ശല്യം, കാര്‍ഷികോല്‍പന്ന വിലയിടിവ് എന്നിവയൊക്കെയാണ് പ്രദേശം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ഇതിന് പരിഹാരമുണ്ടാക്കാന്‍ മാറിമാറി വന്ന ജനപ്രതിനിധികള്‍ക്ക് സാധിച്ചിട്ടില്ല. ഈയൊരു വികാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നടവയല്‍ അങ്ങാടിയില്‍ ഇത്തവണ പ്രചാരണത്തിനത്തെുന്ന മൂന്നു നിയോജക മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍ക്ക് പ്രദേശത്തുകാരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിവരും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വീടുകള്‍ക്ക് മുന്നില്‍ ‘വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട’ എന്ന ബോര്‍ഡ് പ്രദേശത്തെ പല വീട്ടുകാരും സ്ഥാപിച്ചത് ശ്രദ്ധേയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.