കണ്ണീര്‍ നനവിലും ഗോത്രസമൂഹത്തിനിത് അഭിമാന വാര്‍ഷികം

സുല്‍ത്താന്‍ ബത്തേരി: ഫെബ്രുവരി 19. കാടിന്‍െറ മക്കള്‍ മണ്ണിനുവേണ്ടി നടത്തിയ മുത്തങ്ങ സമരത്തില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ രക്തസാക്ഷിദിനം. പിന്നീടിത് മുത്തങ്ങ ദിനമായി. ഭൂസമര പോരാട്ടങ്ങളുടെ തിലകക്കുറിയായി. മുത്തങ്ങ സമരത്തിനുശേഷം ആദ്യമായി ഈ 13ാം വാര്‍ഷികത്തില്‍ അഭിമാനത്തോടെ ഗോത്രസമൂഹം മുത്തങ്ങ സംഭവം അനുസ്മരിക്കുന്നു. സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒരേക്കര്‍ വീതം ഭൂമി, അന്യായമായി തടവിലാക്കപ്പെട്ട ആദിവാസി കുട്ടികള്‍ക്ക് ഒരുലക്ഷം രൂപ വീതം നഷ്ടപരിഹാരം, പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി- ഊരുവികസന ജനകീയ മുന്നണി. ഒരുകാലത്ത് വയനാടിന്‍െറ ഉടമകളായിരുന്നു ആദിവാസികള്‍. സ്വന്തം മണ്ണ് അന്യാധീനപ്പെട്ടപ്പോള്‍ അവര്‍ ആരാന്‍െറ ആട്ടും തുപ്പുമേറ്റ് ആലംബഹീനരായി. തന്‍േറതായ ഇടമുണ്ടെങ്കില്‍ മാത്രമേ തന്‍േറടമുണ്ടാവുകയുള്ളൂവെന്ന തിരിച്ചറിവിലാണ് ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ഭൂസമരമാരംഭിച്ചത്. അന്യാധീനപ്പെട്ട ആദിവാസി ഭൂമി (തിരിച്ചുപിടിക്കല്‍) നിയമം പാര്‍ലമെന്‍റ് ഏകകണ്ഠമായി പാസാക്കിയിട്ടും ആദിവാസിക്ക് ഭൂമി കിട്ടിയില്ല. നിയമ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടികള്‍ കപട നാടകങ്ങളായി. വഞ്ചനയുടെ തുടര്‍ക്കഥകള്‍. അവിടെയാണ് പകരം ഭൂമിക്കുവേണ്ടിയുള്ള മുറവിളികള്‍ ഉയര്‍ന്നത്. ഗോത്രമഹാസഭാധ്യക്ഷ സി.കെ. ജാനുവിന്‍െറയും കണ്‍വീനര്‍ എം. ഗീതാനന്ദന്‍െറയും നേതൃത്വത്തില്‍ 2002 അവസാനത്തിലാണ് ആദിവാസികള്‍ മുത്തങ്ങ വനത്തില്‍ കുടില്‍കെട്ടി സമരമാരംഭിച്ചത്. സമരനായികക്ക് അന്നത്തെ മന്ത്രി എം.എ. കുട്ടപ്പന്‍െറ വക മൊബൈല്‍ ഫോണ്‍. മന്ത്രി കെ.ആര്‍. ഗൗരിയമ്മയുടെ വക ചീരവിത്തുകള്‍. ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്നുണ്ടായ ഈ മൗനപിന്തുണ അട്ടിമറിക്കാന്‍ വനംമാഫിയ നടത്തിയ നീക്കം ഫലംകണ്ടത് പെട്ടെന്നായിരുന്നു. വനംവകുപ്പിന്‍െറ പിന്തുണയും അട്ടിമറി നീക്കത്തിനുണ്ടായിരുന്നു. 2003 ഫെബ്രുവരി 17ന് വൈകീട്ട് ആദിവാസി കുട്ടികള്‍ ഉറങ്ങിക്കിടന്നിരുന്ന ഷെഡിനു സമീപം തീപിടിത്തമുണ്ടായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തീ കത്തിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നാരോപിച്ച് രോഷാകുലരായ ആദിവാസികള്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കി. ഗോത്രമഹാസഭ ആവശ്യപ്പെട്ടതനുസരിച്ച് ജില്ലാകലക്ടര്‍ നേരിട്ടത്തെി ചര്‍ച്ച നടത്തിയശേഷമാണ് ബന്ദികളെ മോചിപ്പിച്ചത്. ഇതിന്‍െറ തുടര്‍ച്ചയായാണ് സമരക്കാരെ വനത്തില്‍നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി 19ന് അന്നത്തെ കല്‍പറ്റ ഡിവൈ.എസ്.പി ഉണ്ണിയുടെ നേതൃത്വത്തില്‍ പൊലീസ് കാട് വളഞ്ഞു. കാട് ഭാഗികമായി കത്തിച്ച് പൊലീസിനെ അകറ്റാനുള്ള സമരക്കാരുടെ ശ്രമം വിഫലമായി. പൊലീസും സമരക്കാരുമായുണ്ടായ സംഘട്ടനങ്ങളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ആദിവാസികളെ കൂട്ടത്തോടെ പൊലീസ് അറസ്റ്റുചെയ്തു. കുടിലുകള്‍ കത്തിച്ചു. സമരക്കാരില്‍ നല്ളൊരു ഭാഗം ഉള്‍ക്കാടുകളിലേക്ക് പിന്‍വാങ്ങി. ഉച്ചക്കുശേഷം ഇവരെ കണ്ടത്തൊന്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഉള്‍വനങ്ങളില്‍ സമരക്കാര്‍ ഒരുക്കിയ ഷെഡ് പൊലീസ് കണ്ടത്തെി. സമര ക്യാമ്പ് പൊലീസ് വളയുന്നതിനിടയില്‍, പരിക്കേറ്റ് കിടക്കുന്ന കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ പൊലീസുകാരന്‍ വിനോദിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും ഉയര്‍ത്തിക്കാട്ടി ആദിവാസികള്‍ പ്രതിരോധത്തിന്നിറങ്ങി. പൊലീസ് സേന പിന്മാറി 200 മീറ്റര്‍ അപ്പുറം നിലയുറപ്പിച്ചു. സന്ധിസംഭാഷണത്തിന് പൊലീസ് തയാറായി. പരിക്കേറ്റ ആദിവാസികളും ഷെഡിലുണ്ടായിരുന്നു. ഡോക്ടറെ എത്തിച്ചാല്‍ ചികിത്സ അനുവദിക്കാമെന്നും എന്നാല്‍ പരിക്കേറ്റ ആദിവാസികള്‍ക്കും ചികിത്സ നല്‍കണമെന്നും സമരക്കാര്‍ വാദിച്ചു. ഉദ്യോഗസ്ഥരെ നിരുപാധികം വിട്ടുതരണമെന്ന പൊലീസിന്‍െറയും തഹസില്‍ദാറുടെയും അഭ്യര്‍ഥന സമരക്കാര്‍ അനുവദിച്ചില്ല. സന്ധിസംഭാഷണങ്ങള്‍ തുടരുന്നതിനിടയില്‍ കൂടുതല്‍ സായുധ പൊലീസ് സ്ഥലത്തത്തെി. മിന്നല്‍ വേഗത്തില്‍ സമരപ്പന്തല്‍ വളഞ്ഞു. തീപ്പന്തവുമായി സമരപ്പന്തലിനു കാവല്‍ നിന്ന ജോഗിയെ വെടിവെച്ചുവീഴ്ത്തി. വെടിവെപ്പ് തുടങ്ങിയതോടെ സമരക്കാര്‍ നാലുപാടും പാഞ്ഞു. ഇതിനിടയില്‍ പൊലീസുകാരന്‍ വിനോദ് രക്തംവാര്‍ന്ന് മരിച്ചു. സംഭവത്തില്‍ ഏഴ് പൊലീസ് കേസുകളും ആറ് വനംവകുപ്പ് കേസുകളുമാണ് ചാര്‍ജുചെയ്തത്. വിനോദ് കൊല്ലപ്പെട്ട കേസില്‍ എം. ഗീതാനന്ദനും വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ സി.കെ. ജാനുവുമാണ് ഒന്നാംപ്രതി. കൊലപാതകക്കേസില്‍ 74 പേരും പരിക്കേല്‍പിച്ച കേസില്‍ 63 പേരും പ്രതികളായുണ്ട്. മനുഷ്യാവകാശ കമീഷന്‍ ഇടപെടലിനെ തുടര്‍ന്ന്, മുത്തങ്ങ സമരത്തില്‍ അന്യായമായി തടവിലാക്കിയ 150ഓളം കുട്ടികള്‍ക്ക് ഒരുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയാറായി. 40 കുട്ടികള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബാക്കി കുട്ടികള്‍ക്കും നഷ്ടപരിഹാരം ലഭിക്കുമെന്നുറപ്പായിട്ടുണ്ട്. സമരനേട്ടത്തിന്‍െറ പശ്ചാത്തലത്തിലാണ് ഗോത്രമഹാസഭ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുള്ളത്. ഊരു വികസന ജനകീയ മുന്നണി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിയങ്കം കുറിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. സി.കെ. ജാനു മാനന്തവാടിയിലോ സുല്‍ത്താന്‍ ബത്തേരിയിലോ മത്സരിക്കാനാണ് സാധ്യത. ആദിവാസികള്‍ക്ക് ലഭിച്ചത് വൈകിക്കിട്ടിയ നീതിയാണെന്നും എന്നാല്‍, മുത്തങ്ങ സമരം പൗരാവകാശത്തിനുവേണ്ടിയുള്ള ജനകീയ സമരമായിരുന്നുവെന്ന് ഇപ്പോഴെങ്കിലും ഭരണകൂടം അംഗീകരിച്ചത് അഭിമാനകരമാണെന്നും ജാനു ‘മാധ്യമ’ത്തോട് പറഞ്ഞു. ഇനി നടക്കാനിരിക്കുന്നത് ആദിവാസികളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും രാഷ്ട്രീയ മുന്നേറ്റമാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട ഈ വിഭാഗങ്ങളെ ഒപ്പംചേര്‍ത്ത് ഊരുവികസന ജനകീയ മുന്നണി രാഷ്ട്രീയ പോരാട്ടം നയിക്കും. ഇടതുവലത് മുന്നണികളോടോ ബി.ജെ.പിയോടോ സന്ധിചെയ്യുന്ന പ്രശ്നമില്ളെന്നും ജാനു വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.