വെള്ളമുണ്ട: മലമുകളിലെ നീരുറവകളില്‍ ജലചൂഷണം വ്യാപകമായതോടെ കാട്ടരുവികള്‍ വരളുന്നു. ബാണാസുര മലനിരകളിലെ കാട്ടരുവികളാണ് വ്യാപകമായി വറ്റിത്തുടങ്ങിയത്. ഇതോടെ വന്യമൃഗങ്ങളടക്കം വെള്ളത്തിനായി നാടിറങ്ങുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മലനിരകളോടുചേര്‍ന്ന തോട്ടമുടമകള്‍ തോട്ടം നനക്കുന്നതിനായി വെള്ളം തിരിച്ചുവിടുന്നതാണ് നീര്‍ച്ചാലുകള്‍ നേരത്തെ വറ്റാനിടയാക്കുന്നത്. ഉറവ തുടങ്ങുന്ന സ്ഥലങ്ങളിലടക്കം പൈപ്പുകള്‍ സ്ഥാപിച്ചാണ് വെള്ളം ഊറ്റുന്നത്. ഇത് നീര്‍ച്ചാലിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന കുടിവെള്ളപദ്ധതികളെയും ബാധിക്കുന്നുണ്ട്. പുളിഞ്ഞാല്‍, മംഗലശ്ശേരി, നിരവില്‍പുഴ, കോറോം തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപകമായി മലവെള്ളം തോട്ടങ്ങളിലേക്ക് തിരിച്ചുവിടുന്നത്. വന്‍കിട തോട്ടമുടമകളാണ് നിയമവിരുദ്ധമായി ജലചൂഷണം നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പുളിഞ്ഞാല്‍ കുടിവെള്ളപദ്ധതിയെ അടക്കം ഇത് ബാധിച്ചിട്ടുണ്ട്. വേനല്‍ കനക്കുന്നതിന് മുമ്പുതന്നെ ജലവിതരണം താറുമാറായ അവസ്ഥയിലാണ്. മലയില്‍ വെള്ളം കുറഞ്ഞതാണ് പലപ്പോഴും വെള്ളം മുടങ്ങാന്‍ കാരണമെന്ന് ജലസേചനവകുപ്പ് ജീവനക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.