പുല്‍പള്ളി: വയനാട്ടില്‍ വേനല്‍ച്ചൂട് ഏറിയതോടെ ജലക്ഷാമം രൂക്ഷമായി. കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലാണ് വരള്‍ച്ചാദുരിതം അനുഭവപ്പെട്ടുതുടങ്ങിയത്. പ്രദേശത്തെ ജലസ്രോതസ്സുകളിലെല്ലാം വെള്ളം വറ്റിത്തുടങ്ങി. കബനി നദിയിലും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. വരള്‍ച്ച ശക്തമായതോടെ കബനിയുടെ തീരപ്രദേശങ്ങളിലെല്ലാം കൃഷി സാധ്യമല്ലാതായി. നിരവധി ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷിയുണ്ടായിരുന്നു. ഈ പ്രദേശങ്ങളിലെല്ലാം പാടശേഖരങ്ങള്‍ തരിശായിക്കിടക്കുകയാണ്. മുന്‍വര്‍ഷങ്ങളിലെല്ലാം പെരിക്കല്ലൂര്‍ മുതല്‍ കൊളവള്ളിവരെയുള്ള വയലുകളില്‍ ഈ സമയത്ത് നെല്‍കൃഷി സജീവമായിരുന്നു. ഇത്തവണ കൃഷിയിറക്കാന്‍ പറ്റാത്ത സാഹചര്യമാണ്. കബനിപുഴയില്‍ നീരൊഴുക്ക് കുറഞ്ഞതോടെ വെള്ളം പമ്പുചെയ്ത് കൃഷിയിടങ്ങളിലേക്ക് എത്തിക്കാന്‍ പറ്റാതായി. കൃഗന്നൂര്‍, മരക്കടവ് പ്രദേശങ്ങളില്‍ മണ്ണ് കല്ലുപോലെ ഉറച്ചുപോയ അവസ്ഥയിലാണ്. ഇവിടെ ചേനയും മറ്റും കൃഷിചെയ്യാന്‍ മണ്ണ് ഒരുക്കുന്നത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ്. ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതിരുന്ന വയലുകളിലാണ് മണ്ണുമാന്തിയന്ത്രം ഇടംപിടിച്ചിരിക്കുന്നത്. ജലസൗകര്യം ലഭിച്ചില്ളെങ്കില്‍ കൃഷി നശിക്കുമെന്ന സ്ഥിതിയാണ്. കബനിയിലെ ജലം പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നത് കര്‍ണാടകയും തമിഴ്നാടുമാണ്. ജില്ലയിലെ ചെറുതോടുകളില്‍നിന്നും പുഴകളില്‍നിന്നും ഒഴുകിയത്തെുന്ന വെള്ളമപ്പാടെ കബനിയിലാണ് എത്തുന്നത്. ഈ ജലം ഉപയോഗപ്പെടുത്തി കര്‍ണാടക വന്‍കിട അണക്കെട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. ബംഗളൂരു പട്ടണത്തിലടക്കം കുടിവെള്ളത്തിന് ഈ വെള്ളം എത്തിക്കുന്നു. കബനിയില്‍ ഇപ്പോള്‍ ജലനിരപ്പ് കുത്തനെ താഴാന്‍ കാരണമായത് ബീച്ചനഹള്ളി അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്കുവിടുന്നത് മൂലമാണ്. ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തേക്ക് ഈ വെള്ളമത്തെിക്കുന്നുണ്ട്. തമിഴ്നാടും വെള്ളം പ്രയോജനപ്പെടുത്തുന്നുണ്ട്. പുല്‍പള്ളി മേഖലയില്‍ കുടിവെള്ളക്ഷാമവും അനുദിനം രൂക്ഷമാകുന്നു. സാധാരണ കിണറുകള്‍ മിക്കതും വറ്റി. ഏറെ ആഴത്തില്‍ കുഴിക്കുന്ന കുഴല്‍ കിണറുകളില്‍പോലും വെള്ളം കിട്ടാത്ത അവസ്ഥയുണ്ട്. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ കുഴല്‍കിണറുകളുള്ള പ്രദേശംകൂടിയാണ് പുല്‍പള്ളി. ഒരു നിയന്ത്രണവുമില്ലാതെയാണ് കുഴല്‍കിണറുകളുടെ നിര്‍മാണം. ഇത് ഭൂഗര്‍ഭജലം വന്‍തോതില്‍ ഊറ്റിയെടുക്കുന്നു. കബനിപദ്ധതിയെ ആശ്രയിച്ചാണ് ആയിരക്കണക്കിന് കുടുംബങ്ങള്‍ രണ്ടു പഞ്ചായത്തുകളിലായി കഴിയുന്നത്. മരക്കടവില്‍ കബനി ജലവിതരണ പദ്ധതിയുടെ പമ്പ്ഹൗസ് സ്ഥിതിചെയ്യുന്ന ഭാഗത്ത് പുഴയില്‍ ജലനിരപ്പ് ഗണ്യമായി താഴ്ന്നു. ഈഭാഗത്ത് കൂറ്റന്‍ പാറക്കെട്ടുകള്‍ കാഴ്ചയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ വരുംനാളുകളില്‍ കബനി ജലവിതരണ പദ്ധതിയുടെ പമ്പിങ്ങിനെയടക്കം പ്രതികൂലമായി ബാധിക്കും. ഇതിനുമുമ്പ് 2003-04 വര്‍ഷത്തിലാണ് ഇത്രയധികം ജലക്ഷാമമുണ്ടായത്. കഴിഞ്ഞതവണ മഴയും കുറവാണ് മേഖലയില്‍. മുമ്പ് വരള്‍ച്ചാസമയത്ത് നാട്ടുകാര്‍ക്ക് വാഹനങ്ങളില്‍ വെള്ളമത്തെിച്ച് കൊടുക്കുകയായിരുന്നു. ഇത്തവണയും അതേയവസ്ഥ ഉണ്ടാകുമെന്ന സ്ഥിതിയാണ്. അതിര്‍ത്തിപ്രദേശങ്ങളില്‍ കൃഷി കരിഞ്ഞുണങ്ങാന്‍ തുടങ്ങി. മുന്‍കാലങ്ങളിലുണ്ടായ ശക്തമായ വരള്‍ച്ചയില്‍ നിരവധി തോട്ടങ്ങള്‍ ഉണങ്ങിനശിച്ചു. കോടികളുടെ കൃഷിനാശമാണ് അന്നുണ്ടായത്. അതേയവസ്ഥ ഇത്തവണയുമുണ്ടാകുന്ന ഭീതിയിലാണ് കര്‍ഷകര്‍. കര്‍ണാടകയോട് ചേര്‍ന്ന സ്ഥലമാണ് മുള്ളന്‍കൊല്ലി പഞ്ചായത്ത്. അയല്‍ സംസ്ഥാനത്തുനിന്നുമത്തെുന്ന ചൂടുകാറ്റ് ഇവിടത്തെ കൃഷികളെ നശിപ്പിക്കുകയാണ്. വരള്‍ച്ചാ പ്രതിരോധത്തിന് ഒട്ടേറെ പദ്ധതികള്‍ മുമ്പ് ആവിഷ്കരിച്ചിരുന്നു. പലതും പ്രഖ്യാപനത്തില്‍ ഒതുങ്ങി. ജില്ലയിലെ ചെറുതോടുകളിലടക്കം തടയണകള്‍ കെട്ടിയാല്‍ ഒരു പരിധിവരെ വെള്ളം തടഞ്ഞുനിര്‍ത്താന്‍ കഴിയും. വരള്‍ച്ച രൂക്ഷമാകുമെന്ന മുന്നറിയിപ്പ് മാസങ്ങള്‍ക്കുമുമ്പെ ലഭിച്ചിരുന്നു. എന്നിട്ടും പ്രതിരോധനടപടികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കായില്ല. 12ഓളം ജലപദ്ധതികള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വിഭാവനം ചെയ്തിരുന്നു. ഇവ വന്‍കിട പദ്ധതികളാണെന്ന പരാതിയെ തുടര്‍ന്ന് ഒട്ടേറെ പ്രക്ഷോഭങ്ങളുണ്ടായി. ഇതോടെ ഈ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മിണ്ടാട്ടമില്ലാതായി. വന്‍കിടപദ്ധതികള്‍ക്ക് പകരം ചെറുപദ്ധതിയാണ് ജില്ലക്കാവശ്യം. എന്നാല്‍ മാത്രമേ വിവിധഭാഗങ്ങളില്‍ ജലലഭ്യത സാധ്യമാവുകയുള്ളൂ. കബനി തീരത്ത് ഗ്രീന്‍ബെല്‍റ്റ് പദ്ധതിയും നടപ്പാക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.